തൊടുപുഴ: മഴക്കാലം പൊതുവെ ആശങ്കകളുടെ കാലം കൂടിയാണ്. കാലവർഷക്കെടുതികളും പകർച്ചവ്യാധികളുമെല്ലാം തലവേദന സൃഷ്ടിക്കുന്ന കാലം.
ഇതോടൊപ്പമാണ് മോഷ്ടാക്കളുടെ വിളയാട്ടം ഉയർത്തുന്ന ഭീഷണി. നാട്ടിലും മറുനാട്ടിലുമുള്ള തസ്കര സംഘങ്ങൾ അവരുടെ ദൗത്യ നിർവഹണത്തിന് തെരഞ്ഞെടുക്കുന്നതും മഴക്കാലമാണ്. തകർത്ത് പെയ്യുന്ന മഴയിൽ സർവതും മറന്ന്ഉറങ്ങുന്ന വീടുകളാണ് കവർച്ചക്കാരുടെ ലക്ഷ്യം. റോഡുകൾ നേരത്തേ വിജനമാകുന്നതും വീട്ടുകാർ നേരത്തേ ഉറങ്ങുന്നതുമെല്ലാം അവർക്ക് തുണയാകുകയാണ്.
കാലവർഷം ആരംഭിച്ചതോടെ റിപ്പോർട്ട് ചെയ്യുന്ന കവർച്ച കേസുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കിടെ ജില്ലയിൽ മാത്രം ചെറുതും വലുതുമായ ഒരുഡസനോളം കേസാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അടിമാലിയിൽ അർബുദ ബാധിതയായ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയതാണ് ഏറെ വാർത്താപ്രധാന്യം നേടിയത്. എന്നാൽ, ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് സൂചനകളില്ലാതെ അന്വേഷണ സംഘം വലയുകയാണ്.
ഇതിന് പുറമെ ബുധനാഴ്ചയും മേഖലയിൽ മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നാലെ കട്ടപ്പനയിൽനിന്നും മോഷണവും ശ്രമവും പരാതിയായിട്ടുണ്ട്.
ചെറുതും വലുതുമായ വാഹന മോഷ്ടാക്കളും കൂടുതലായി രംഗപ്രവേശനം നടത്തുന്നത് ഇക്കാലയളവിലാണ്. ശക്തമായ മഴയിൽ വീട്ടുമുറ്റത്തിരിക്കുന്ന വാഹനങ്ങൾ കൊണ്ടുപോയാൽ വീട്ടുകാർ അറിയില്ല. ഷീറ്റ് മേഞ്ഞ വീടുകളാണെങ്കിൽ അതിന് മുകളിൽ വെള്ളം വീഴുന്ന ശബ്ദം കൂടിയാകുമ്പോൾ പുറമെ എന്ത് നടന്നാലും അകത്തുള്ളവർ അറിയില്ല. ഈ അവസരമാണ് പൂട്ടുപൊളിക്കാനും വാതിലുകളും ജനലുകളും തകർക്കാനും മോഷണ സംഘങ്ങൾ ഉപയോഗിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് നെടുങ്കണ്ടത്തുനിന്ന് വാഹനം മോഷ്ടിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടൊപ്പം വീട്ടുമുറ്റത്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ, വിലകൂടിയ സൈക്കിളുകൾ തുടങ്ങി ആക്രിസാമഗ്രികൾ അടക്കമുള്ളവയെല്ലാം ഇത്തരം സംഘങ്ങൾ ലക്ഷ്യമിടുന്നുണ്ട്.
മോഷണം ലക്ഷ്യമിട്ട് ‘നാടൻ’ സംഘങ്ങൾ മുതൽ ‘പ്രഫഷനൽ’ സംഘങ്ങൾ വരെ മഴക്കാലം മുതലെടുക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്നതിനാൽ അവിടെ നിന്നുള്ള സംഘങ്ങൾക്കും ഇവിടെ കൃത്യം നടത്തി മടങ്ങാൻ ഏളുപ്പമാണ്. തിരുട്ട് സംഘമടക്കം എത്തിയേക്കാമെന്ന മുന്നറിയിപ്പാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്നത്.
കുഗ്രാമങ്ങളിൽ ചെന്ന് പ്രതികളെ പിടികൂടാൻ കേരളത്തിലെ അന്വേഷണ സംഘങ്ങൾക്കുള്ള പരിമിതികളാണ് ഇവർ മുതലാക്കുന്നത്. സ്ഥിരം മോഷണമടക്കമുള്ളള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ നിരീക്ഷണത്തിലായതിനാൽ ഇവരും പുതുവഴികളാണ് തേടുന്നത്.
അടിമാലി: അർബുദ ബാധിതയായ വീട്ടമ്മയെ കെട്ടിയിട്ട ശേഷം പണം കവർന്ന സംഭവത്തിന് പിന്നാലെ അടിമാലിയിൽ വീണ്ടും മോഷണശ്രമം. കരിങ്കുളം, സ്റ്റെല്ല മേരീസ് റോഡ് എന്നിവിടങ്ങളിൽ മൂന്ന് വീടുകളിലാണ് മോഷണശ്രമം നടന്നത്. ഇതിന് പുറമെ മുഖംമൂടി ധരിച്ച ആളുടെ സഞ്ചാരം വീണ്ടും ചർച്ചയായതോടെ അടിമാലി ഭീതിയിലായി. അടിമാലി ടൗണും ടൗണിനോട് ചേർന്ന പ്രദേശങ്ങളിലുമാണ് മോഷ്ടാക്കളുടെ സാന്നിധ്യം കൂടുതലും.
രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ സംഭവം ഇടുക്കി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സമീപങ്ങളിലെ മുഴുവൻ സി.സി ടി.വികളും സൈബർ വിഭാഗവും ഫിംഗർ പ്രിന്റ് വിഭാഗവും വിശദ പരിശോധനയും അന്വേഷണവും നടത്തിവരുന്നു. എന്നാൽ, പ്രതിയെക്കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. അടിമാലിക്ക് സമാനമായി വൈദ്യുതിബന്ധം തകർത്ത് നേര്യമംഗലം ടൗണിലും കഴിഞ്ഞദിവസം മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.