തൊടുപുഴ: സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിടാനും പുതിയ ഭാരവാഹികളെ കണ്ടെത്താൻ അംഗത്വ കാമ്പയിൻ ആരംഭിക്കാനുമുള്ള ഐ.എൻ.എൽ ദേശീയസമിതി തീരുമാനം ധീരവും സ്വാഗതാർഹവുമാണെന്ന് ഐ.എൻ.എൽ ഇടുക്കി ജില്ല കമ്മിറ്റി. മന്ത്രി അഹമ്മദ് ദേവർ കോവിലിനും പാർട്ടിക്കുമെതിരെ ഒരുവർഷത്തിലധികമായി നിഴൽ യുദ്ധം നടത്തിവരുന്നവരാണ് പാർട്ടി ദേശീയ സമിതി തീരുമാനത്തെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നത്.
പാർട്ടിയിൽ പിളർപ്പുണ്ടെന്ന് വരുത്തി ഇടതുമുന്നണിയിൽനിന്ന് ഐ.എൻ.എല്ലിനെ പുറത്തുചാടിക്കാനും ഇടതുപക്ഷം ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം കൊഴിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഒരുവിഭാഗം ദേശീയ നേതൃത്വത്തെ വിമർശിച്ച് പ്രസ്താവനകൾ നടത്തുന്നതെന്നും വിഭാഗീയത സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും ജില്ല പ്രസിഡന്റ് എം.എം. സുലൈമാൻ പറഞ്ഞു.
നടപടി അംഗീകരിക്കാനാവില്ല -വഹാബ് വിഭാഗം
തൊടുപുഴ: സംസ്ഥാന കമ്മിറ്റിക്കെതിരെ ദേശീയ നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ഐ.എൻ.എൽ (വഹാബ് വിഭാഗം). ഇടക്കാലത്ത് പാർട്ടിയിൽ അംഗത്വമെടുത്ത് നേതൃത്വം കൈയടക്കിയ ചിലരുടെ ജൽപനങ്ങൾക്ക് വഴങ്ങി പാർട്ടിയെ കെട്ടിപ്പെടുത്ത നേതാക്കളെയും പ്രവർത്തകരെയും തള്ളിക്കളയുകയാണ് ദേശീയ നേതൃത്വം ചെയ്യുന്നത്. പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം മതനിരപേക്ഷ ചേരിയെ ദുർബലപ്പെടുത്താനും സാമുദായിക രാഷ്ട്രീയത്തിന്റെ അജണ്ട നടപ്പാക്കാനുമുള്ള ചിലരുടെ താൽപര്യങ്ങൾക്ക് ഒത്താശ ചെയ്തുകൊടുക്കലാണ്. ഭൂരിഭാഗം പ്രവർത്തകരും ദേശീയ നേതൃത്വത്തിന്റെ നടപടിയെ തള്ളിക്കളയുമെന്നും സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബുൾപ്പെടെയുള്ള നേതൃത്വത്തെ വിശ്വാസമർപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആക്ടിങ് ജില്ല പ്രസിഡൻറ് യൂസുഫ് കളപ്പുര, സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് ഷരീഫ്, ട്രഷറർ മുനീർ മൗലവി, വൈസ് പ്രിഡന്റ് എം.എൻ. സലിം, വി.എം അബ്ദുൽ കരീം, അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.