വള്ളക്കടവിൽ ക്രാഷ് ബാരിയർ കാറിൽ തുളച്ചുകയറിയ നിലയിൽ
തൊടുപുഴ: ഒരിടവേളക്ക് ശേഷം ജില്ലയിൽ റോഡ് അപകടങ്ങളും അപകട മരണങ്ങളും പരിക്കേൽക്കുന്നവരും വർധിക്കുന്നു. ഹൈറേഞ്ച് മേഖലയിലാണ് അപകടങ്ങൾ കൂടുതലും. അഞ്ച് ദിവസത്തിനിടെ എട്ട് പേരുടെ ജീവനാണ് പൊലിഞ്ഞത്. തിങ്കളാഴ്ച കട്ടപ്പനയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീ മരിക്കുകയും ബുധനാഴ്ച മാട്ടുപ്പെട്ടിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ മൂന്ന് വിദ്യാർഥികളും വെള്ളിയാഴ്ച രാത്രി അടിമാലിയിലും കട്ടപ്പനയിലുമുണ്ടായ അപകടങ്ങളിൽ നാലു പേരുമാണ് മരിച്ചത്.
അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. നിയമ ലംഘനങ്ങൾക്കും അമിത വേഗത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ആർ.ടി.ഒ പി.കെ. ഷബീർ ‘മാധ്യമ’ത്തോട് പറഞ്ഞു. മിക്കവാറും അപകടങ്ങളിലെല്ലാം ഡ്രൈവറുടെ അശ്രദ്ധയാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മാട്ടുപ്പെട്ടിയിൽ ബസ് മറിഞ്ഞത് നിരുത്തരവാദിത്തപരമായ ഡ്രൈവിങ് മൂലമാണ്.
ജില്ലയിലെ റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർന്നത് അമിത വേഗത്തിന് കാരണമാകുന്നുണ്ട്. പല അപകടങ്ങളും ഇറക്കത്തിലാണ് സംഭവിക്കുന്നത്. വാഹനം നിയന്ത്രിക്കാനാകാത്ത വേഗത്തിൽ ഇറങ്ങുന്നതോടെ മറിയാനും കൊക്കകളിലേക്ക് പതിക്കാനും സാധ്യതയേറെയാണ്. ജില്ലയുടെ ഭൂപ്രകൃതി പരിഗണിച്ച് നിയന്ത്രിത/ കുറഞ്ഞ വേഗത്തിൽ മാത്രം ഇറക്കങ്ങളിൽ വാഹനം ഓടിക്കണമെന്നും പി.കെ. ഷബീർ പറഞ്ഞു.
മൂന്നാറിൽ നിരന്തര നിരീക്ഷണം തുടരും
വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ അപകടങ്ങൾ ഒഴിവാക്കാനും മികച്ച ഗതാഗത സംസ്കാരം സൃഷ്ടിക്കാനുമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നിരന്തര നിരീക്ഷണം തുടരും. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്നും ഇടുക്കി ആർ.ടി.ഒ പി.കെ. ഷബീർ ‘മാധ്യമ’ത്തോട് പറഞ്ഞു.
മൂന്നാറിലെ ഗതാഗത സംസ്കാരം മികച്ചതാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡബിൾ ഡക്കർ ബസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശക്തമായ പരിശോധന നടന്നുവരുകയാണ്. 10 ദിവസത്തിനിടെ മൂന്നാറിൽ നിയമലംഘനങ്ങൾക്കെതിരെ ആയിരത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്. 23 ലക്ഷത്തോളം രൂപ പിഴ ചുമത്തിയിട്ടുണ്ട്. വേനൽ അവധിയോട് അനുബന്ധിച്ചും കർശന പരിശോധനക്കുള്ള നിർദേശം നൽകിയിട്ടുണ്ട്.
മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ അമിത വേഗ നിരീക്ഷണം
തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ അമിത വേഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന നിരീക്ഷണം തുടരുന്നുണ്ട്. കെൽട്രോണുമായി സഹകരിച്ച് അമിത വേഗം നിരീക്ഷിക്കുന്നതിനുള്ള വാഹനവും ഈ റോഡിൽ നിയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
അമിത വേഗത്തിന് നിയന്ത്രണം വന്നിട്ടുണ്ടെങ്കിലും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടില്ലെന്ന് ഈ റോഡിൽ പരിശോധന നടത്തുന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.