തൊടുപുഴ: അതിദരിദ്രരില്ലാത്ത ജില്ലയെന്ന നേട്ടത്തിലേക്ക് അതിവേഗം കുതിക്കുകയാണ് ഇടുക്കി. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ അടക്കമുള്ള ഇതര വകുപ്പുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവർത്തനം വഴിയാണ് ജില്ല ലക്ഷ്യത്തോടടുക്കുന്നത്. നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനാണ് സർക്കാർ തീരുമാനം. ജില്ലയിൽ ഇതിന് മുമ്പുതന്നെ പ്രവർത്തനങ്ങളിൽ നൂറുമേനി കൈപ്പിടിയിലൊതുക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
അതിദാരിദ്യ നിർണയ പ്രകിയയുടെ ഭാഗമായി ജില്ലയിൽ നടത്തിയ സർവേയിൽ 2665 അതിദരിദ്രരെയാണ് കണ്ടെത്തിയത്. നഗരസഭകളിലും പഞ്ചായത്തുകളിലും നടത്തിയ സർവേയിലാണ് ഇവരെ കണ്ടെത്തിയത്. ഗ്രാമസഭകൾ ചേർന്ന് അനർഹരെ ഒഴിവാക്കി അന്തിമ പട്ടിക തയാറാക്കി. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം തുടങ്ങി ആറ് പൊതുഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർവേ. ഇവരിൽനിന്ന് അനർഹരെന്ന് കണ്ടത്തിയ 498 കുടുംബങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കി. ബാക്കി 2167 കുടുംബങ്ങൾക്കായുള്ള പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇതിൽ 250 കുടുംബങ്ങൾ തൊടുപുഴ, കട്ടപ്പന നഗരസഭകളിലാണ്. 52 പഞ്ചായത്തുകളിലായി 1917 കുടുംബങ്ങളുമുണ്ട്. 1998 കുടുംബങ്ങൾ ഇതിനോടകം അതിദാരിദ്ര്യത്തിൽനിന്ന് മോചിതരായി.
അടിസ്ഥാന രേഖകള്‍ പോലുമില്ലാതെ ബുദ്ധിമുട്ടിയിരുന്ന അതിദരിദ്രര്‍ക്ക് ‘അവകാശം അതി വേഗം’ യജ്ഞത്തിന്റെ ഭാഗമായി റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഇലക്ഷന് തിരിച്ചറിയൽ കാര്‍ഡ് പോലെയുള്ള അവകാശ രേഖകളും ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹിക സുരക്ഷ പെന്ഷൻ തുടങ്ങിയ അടിയന്തര രേഖകളും നല്കി.
ഇതിന്റെ ഭാഗമായി 260 ആരോഗ്യ ഇൻഷുറൻസ് കാർഡ്, 131 വോട്ടർ കാർഡ്, 30 സാമൂഹിക സുരക്ഷ പെൻഷൻ, 29 ബാങ്ക് അക്കൗണ്ടുകൾ, 35 തൊഴിൽ കാർഡ്, 123 ആധാർ കാർഡ്, മൂന്ന് ഗ്യാസ് കണക്ഷൻ, 104 റേഷൻ കാർഡ്, എട്ട് കുടുംബശ്രീ അയൽക്കൂട്ട അംഗത്വം, രണ്ട് ഭിന്നശേഷി കാർഡ് എന്നിവയും പട്ടികയിലുൾപ്പെട്ടവർക്ക് ലഭ്യമാക്കി.
ഭക്ഷണ ദൗർലഭ്യം മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന 802 കുടുംബങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി ഭക്ഷണം നൽകി. ഇതിൽ 73 കുടുംബങ്ങളിൽ പാകംചെയ്ത ഭക്ഷണമാണ് നൽകുന്നത്. 729 കുടുംബങ്ങളിലേക്ക് ഭക്ഷ്യക്കിറ്റുകളും നൽകി. 949 കുടുംബങ്ങളിലേക്ക് ആവശ്യമായ മരുന്ന് നൽകി. 198 കുടുംബങ്ങൾക്ക് പാലിയേറ്റിവ് പരിചരണവും 20 കുടുംബങ്ങളിൽ ആരോഗ്യ സുരക്ഷ സാമഗ്രികളും നൽകി.
വരുമാനം ക്ലേശ ഘടകമായിട്ടുള്ള കുടുംബങ്ങൾക്ക് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഉജ്ജീവനം പദ്ധതിയിലൂടെ വരുമാനം ഉറപ്പാക്കി. ഈ പട്ടികയിലുണ്ടായിരുന്നു 180 കുടുംബങ്ങളിൽ 174 കുടുംബങ്ങളുടെയും പ്രശ്നം ഉജ്ജീവനം പദ്ധതിയിലൂടെ പരിഹരിച്ചു. ആറ് കുടുംബങ്ങൾക്ക് മറ്റ് വകുപ്പുകളിലൂടെ വരുമാനം ഉറപ്പാക്കി.
വീട് ആവശ്യമുണ്ടായിരുന്ന 239 കുടുംബങ്ങളില്‍ 169 എണ്ണം പൂർത്തിയാക്കി. 70 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 239 പേർ നിർമാണത്തിനായി കരാർ വെച്ചിട്ടുണ്ട്. ഭൂമിയും വീടും ആവശ്യമായിരുന്ന 77 കുടുംബങ്ങളിൽ 25 എണ്ണം പൂർത്തിയാക്കി. 50 എണ്ണം പുരോഗമിക്കുകയാണ്. 176 കുടുംബങ്ങൾക്ക് വീടുകളുടെ പുനരുദ്ധരണമായിരുന്നു ആവശ്യം. ഇതിൽ 143 എണ്ണം പൂർത്തിയാക്കി. 174 പേർ കരാർ വെച്ചിട്ടുണ്ട്. 31 എണ്ണം നിർമാണ ഘട്ടത്തിലുമാണ്. വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളിൽ സൗജന്യ യാത്രയും പഠനോപകരണങ്ങളുമെല്ലാം ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.