മഴയിൽ രാത്രി വൈകിയും വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമിക്കുന്ന ജീവനക്കാർ (ഫയൽ ചിത്രം)
തൊടുപുഴ: ഒരു മാസമായി പെയ്യുന്ന കനത്ത മഴ ജില്ലയിൽ കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കിയത് വ്യാപക നാശ നഷ്ടം. കണക്കുകള്‍ അനുസരിച്ച് ആറു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ. ഇന്ദിര പറഞ്ഞു. 5.94 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 1,698 വൈദ്യുതി പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 1,370 എണ്ണം ലോ ടെന്‍ഷന്‍ പോസ്റ്റുകളും 328 എണ്ണം ഹൈ ടെന്‍ഷന്‍ പോസ്റ്റുകളുമാണ്. മെയ് 23 മുതല്‍ ജൂണ്‍ 20 വരെയുള്ള വൈദ്യുതി ബോര്‍ഡിന്റെ കണക്കാണിത്. 3,175 ട്രാന്‍സ്ഫോര്‍മറുകളുടെ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചു.
ഒരു ട്രാന്‍സ്ഫോര്‍മര്‍ വെള്ളം കയറി നശിച്ചു. 6,41,028 കണക്ഷനുകളിലെ വൈദ്യുതി വിതരണവും തകരാറിലായി. പ്രതികൂല കാലാവസ്ഥയിലും മികച്ച പ്രവര്‍ത്തനം നടത്തിയതുകൊണ്ടുമാത്രമാണ് പരാതികളുടെ എണ്ണം കുറക്കാനായതെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു. ലൈനുകളില്‍ മരം വീണ് വൈദ്യുതി മുടക്കമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഇവ നീക്കം ചെയ്ത് വൈദ്യുതി പുന:സ്ഥാപിക്കാന്‍ അധികമായി ജീവനക്കാരെ വിന്യസിച്ചിരുന്നു.
ഉൽപാദന വിതരണ വിഭാഗങ്ങളില്‍ നിന്നുമാണ് ജില്ലയിലാകെ ജീവനക്കാരെ നിയോഗിച്ചത്. ഇതിന് പുറമെ കരാര്‍ തൊഴിലാളികളെയും ഉപയോഗപ്പെടുത്തി. ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളും നാട്ടുകാരും പ്രതിബന്ധങ്ങള്‍ നീക്കി വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ സഹകരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുതി പുന:സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയുടെ ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ പ്രതികൂലമാകാറുണ്ടെങ്കിലും വൈദ്യുതി മുടക്കം നീളുന്ന സ്ഥിതിവിശേഷം നിലവില്‍ ഇല്ലെന്നും ഇവർ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബോര്‍ഡിനെ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കു വിളിക്കാം. 9496001912 എന്ന നമ്പരില്‍ വിളിച്ചോ വാട്സാപ്പ് സന്ദേശമയച്ചോ പരാതി രേഖപ്പെടുത്താം. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണ് കിടക്കുന്നതോ മറ്റ് വൈദ്യുതി സംബന്ധമായ അപകടങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ 9496010101 എന്ന നമ്പറില്‍ അറിയിക്കാം. വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകള്‍ എസ്.എം.എസ് മുഖേന ലഭിക്കാൻ ഉപഭോക്താക്കള്‍ക്ക് wss.kseb.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സ്വന്തം മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.