തൊടുപുഴ: തൊടുപുഴയിൽ പുതിയ കേന്ദ്രീയ വിദ്യാലയത്തിന് അനുമതി. കേന്ദ്ര സർക്കാർ അനുവദിച്ച 85 വിദ്യാലയങ്ങളിൽ കേരത്തിന് ലഭിച്ചത് തൊടുപുഴയിലാണ്. മ്രാലയിൽ ഇതിനായി എട്ട് ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പുതിയ കെട്ടിടം പൂർത്തിയാകുന്നത് വരെ താൽക്കാലിക സംവിധാനത്തിലായിരിക്കും തുടക്കത്തിൽ പ്രവർത്തനം. ഇതിനായി തൊടുപുഴ വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അധിക ക്ലാസ് മുറികളും മറ്റു താത്ക്കാലിക സൗകര്യങ്ങളും സജ്ജീകരിക്കും. മൂന്ന് അധിക ക്ലാസ് മുറികൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രത്യേകം ശുചിമുറികൾ, ക്ലാസ് മുറികളെ വേർതിരിക്കുന്ന താത്ക്കാലിക സംവിധാനങ്ങൾ എന്നിവയുണ്ടാകും.ഇവിടെ കേന്ദ്രീയ വിദ്യാലയ സംഘതൻ മാനദണ്ഡ പ്രകാരം അഗ്നി സുരക്ഷ സജ്ജീകരണങ്ങളും ഒരുക്കേണ്ടി വരും.
കെട്ടിടം ആധുനിക സൗകര്യങ്ങളോടെ
മ്രാലയിലെ നിർദിഷ്ട സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് മുമ്പുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ് ആദ്യ നടപടി. രാജ്യാന്തര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടെയാകും പുതിയ കെട്ടിടം നിർമിക്കുക.
2022ലാണ് തൊടുപുഴയിൽ കേന്ദ്രീയ വിദ്യാലയത്തിനായി ശ്രമം തുടങ്ങിയത്. ചലഞ്ച് മെത്തേഡ് പോളിസിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ വിദ്യാലയം അനുവദിച്ചത്. പദ്ധതിക്കായി ആദ്യമേ തന്നെ സ്ഥലം കണ്ടെത്തി നൽകണം. പദ്ധതി അനുവദിച്ചു കഴിഞ്ഞാൽ താത്ക്കാലിക സംവിധാനവും ഒരുക്കണം.
ഇത്തരം നിബന്ധനകൾ പാലിച്ചാണ് പദ്ധതിക്ക് അനുമതി നേടിയെടുത്തതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. തൊടുപുഴ സ്കൂളിൽ താത്ക്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയും ഇതിനിടെ ലഭ്യമാക്കി. കേന്ദ്രീയ വിദ്യാലയം സംഘതൻ ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിക്കുകയും താത്ക്കാലിക സ്കൂൾ കെട്ടിടത്തിന് അനുമതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.