തൊടുപുഴ: ഇടുക്കി ജില്ലയിലെ തേയിലത്തോട്ടങ്ങളിലും, ഏലത്തോട്ടങ്ങളിലും, വ്യാപാര സ്ഥാപനങ്ങളിലും, നിര്‍മാണ മേഖലയിലും മറ്റുമായി നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ. തൊഴില്‍ തേടിയെത്തുന്നവരുടെ വിവരങ്ങള്‍ അതിഥി പോർട്ടലിൽ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദ്ദേശമുണ്ടെങ്കിലും തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെയും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെയും പൊലിസിലോ ബന്ധപ്പെട്ട വകുപ്പുകളിലോ അറിയിക്കാതെയും പല തൊഴിലുടമകളും ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന സാഹചര്യമാണ്.
ഫെബ്രുവരിയിൽ നടന്ന ജില്ല വികസന സമിതി യോഗത്തിൽ വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വിവിധ വകുപ്പുകൾ നിർബന്ധമായി വിലയിരുത്തണമെന്ന് നിർദേശം നൽകി.
ജില്ലയിൽ കഴിഞ്ഞ കുറേ നാളുകളായി അതിഥി തൊഴിലാളികൾ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും ലഹരി ഉപയോഗിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും ലഹരി ഉത്പന്നങ്ങൾ കടത്തി കൊണ്ടുവന്ന് വിൽപന നടത്തുന്നതായും പൊലീസിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
ഈ സാഹചര്യത്തിൽ തൊഴിലുടമകളുടെയും, കരാറുകാരുടേയും, തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളുടെയും അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും തൊഴിൽ ഉടമകൾ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ചു ബോധവത്കരണം നൽകണമെന്നും ജില്ലയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും, ജില്ല പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് നിർദേശം നൽകി.
ഏപ്രിൽ 25 ന് മുൻപായി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന് പരിധിയിലുമുളള തൊഴിലുടമകളെയും, കരാറുകാരെയും, തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളെയും ഉള്‍പ്പെടുത്തി യോഗം നടത്തി നിര്‍ദ്ദേശങ്ങള്‍ നൽകണമെന്നും മേയ് 15 ന് മുൻപായി നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ജില്ലയിലെ സ്റ്റേഷൻ എസ്.എച്ച്.ഒ മാർക്ക്നിര്ദ്ദേശം നല്‍കിയിട്ടുണ്ട്.
തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും, തൊഴിലാളികളെ കൊണ്ട് വരുന്ന വാഹനങ്ങളിലും കൃത്യമായി പരിശോധന നടത്തുന്നതിനും പൊലീസ് പട്രോളിങ് ശക്തമാക്കുന്നതിനും നിർദേശമുണ്ട്. കൂടാതെ ഇവരുടെ താമസ സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പരിശോധനകള്‍ നടത്തി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഈ കാര്യത്തിൽ എല്ലാ തൊഴിലുടമകളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.