തൊടുപുഴ: മുങ്ങരിങ്ങാട്ട് ആന ശല്യം രൂക്ഷമായി തുടരുന്നതിനിടെ നടപടി സ്വീകരിക്കാതെ അധികൃതർ. ഒരു വർഷത്തോളമായി ആനകൾ പ്രദേശത്ത് തമ്പടിക്കുകയും ജനങ്ങളുടെ ജീവനും കൃഷിക്കും സ്വത്തിനും നഷ്ടമുണ്ടാക്കുകയും ചെയ്തിട്ടും വനം വകുപ്പോ മറ്റ് അധികൃതരോ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ പ്രതിഷേധമുണ്ടാകുമ്പോൾ ഫെൻസിങ് സ്ഥാപിക്കൽ, ആനകളെ കാടുകയറ്റൽ, റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കൽ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇതിനിടെ പലതവണയുണ്ടായെങ്കിലും നടപടിയുണ്ടായിട്ടില്ല.
2024 ഡിസംബർ 29ന് അമർ ഇലാഹി എന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന ശേഷവും പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും നടപ്പാക്കിയിട്ടില്ല. ഫെൻസിങ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിൽ അഞ്ച് മാസം പിന്നിട്ടിട്ടും നടപടിയില്ല. പി.ജെ. ജോസഫ് എം.എൽ.എ ഫെൻസിങിന് ഫണ്ട് അനുവദിച്ചിരുന്നു. ഇതുപയോഗിച്ചുള്ള നിർമാണവും ആരംഭിച്ചിട്ടില്ല.
മുള്ളരിങ്ങാട്ടിലൂടെ കടന്നുപോകുന്ന റോഡുകളുടെ അരികിലെ കുറ്റിക്കാടുകൾ നീക്കി യാത്രക്കാർക്ക് ആന നിൽക്കുന്നുണ്ടെങ്കിൽ കാണാനുള്ള മാർഗമുണ്ടാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നാട്ടുകാർ ചേർന്ന് കാടുകൾ വെട്ടിത്തെളിച്ചതല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടിയുണ്ടായിട്ടില്ല. വണ്ണപ്പുറം പഞ്ചായത്തിലുൾപ്പെട്ട 1, 17 വാർഡുകളിലാണ് ആന ശല്യം രൂക്ഷം.
11 മുതൽ 18 വരെ ആനകൾ ഇവിടെ തമ്പടിച്ചിട്ടുള്ളതായാണ് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നത്. ഇവ പ്രദേശത്ത് തന്നെ ചുറ്റിത്തിരിയുകയും കൃഷി നാശം വരുത്തുകയും ചെയ്യുന്നത് തുടരുകയാണ്.
ഓണം ലക്ഷ്യമിട്ട് കൃഷി; എല്ലാം തകർത്ത് ആനക്കൂട്ടം
ഓണക്കാലത്ത് വിളവെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുള്ളരിങ്ങാട്ടെ കർഷകർ വാഴ കൃഷി തുടങ്ങിയത്. എന്നാൽ, വാഴകൾ വളർന്നുതുടങ്ങിയതോടെ കാട്ടാനക്കൂട്ടം ഇവ നശിപ്പിച്ചു. രാത്രി എത്തിയാണ് നിരവധി കർഷകരുടെ നൂറുകണക്കിന് വാഴകൾ നശിപ്പിച്ചത്. റബർ, കമുക്, കൊക്കോ, പൈനാപ്പിൾ, തെങ്ങിൻ തൈകൾ എന്നിവക്കും നാശമുണ്ടാക്കി. മുള്ളുവേലിയും ഫെൻസിങും എല്ലാം തകർത്താണ് കൃഷിയിടങ്ങളിലേക്ക് സന്ധ്യയാകുന്നതോടെ ആനക്കൂട്ടം എത്തുന്നത്.
ചവിട്ടിയും പിഴുതെറിഞ്ഞും കൃഷി നശിപ്പിക്കൽ ദിവസങ്ങളായി തുടരുകയാണ്. കഴിഞ്ഞയാഴ്ച മുള്ളരിങ്ങാട് ലൂർദ് മാത പള്ളിക്ക് സമീപം റോഡരികിൽ കൃഷി ചെയ്തിരുന്ന നൂറുകണക്കിന് വാഴ നശിപ്പിച്ചിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തു. സന്ധ്യയായാൽ ഭയപ്പാടിലാണ് ജനം.
അഞ്ച് മാസം ജനം കാവൽ നിന്നു; പക്ഷേ...
മുള്ളരിങ്ങാട് കാട്ടാനക്കൂട്ടം തമ്പടിച്ചതോടെ അഞ്ച് മാസത്തിലധികമാണ് പ്രദേശവാസികൾ തമ്പടിച്ച് കാവൽ നിന്നത്. കൂലിപ്പണിയും ചെറുകിട കച്ചവടവും കൃഷിയുമെല്ലാമായി കഴിയുന്നവരാണ് സംഘടിച്ച് പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ രാത്രി കാവലിരുന്നത്. എന്നാൽ, പണിക്കും മറ്റും പോകാൻ സാധിക്കാതെ വന്നതോടെ സംഘടിതമായ കാവൽ അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോഴും റോഡുകളിലൂടെ രാത്രി വരുന്നവരെ ആനക്കൂട്ടിൽ നിന്ന് രക്ഷിക്കാൻ രാത്രി 12 വരെ ചെറിയ സംഘം കാവൽ തുടരുന്നുണ്ട്.
കോട്ടയം സി.സി.എഫ് അടുത്ത മാസം സന്ദർശിക്കും
മുള്ളരിങ്ങാട്ടെ കാട്ടാന ശല്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മാസം കോട്ടയം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്) ആർ.എസ്. അരുൺ അടുത്തമാസം മുള്ളരിങ്ങാട് സന്ദർശിക്കും. കഴിഞ്ഞ ദിവസം ജനപ്രതിനിധികൾ സി.സി.എഫുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊട്ടിയാർ പദ്ധതിയുടെ പെൻ സ്റ്റോക്ക് പൈപ്പ് കടന്നു പോകുന്ന ഭാഗം സി.സി.എഫ് പരിശോധിച്ച് ആനത്താരക്ക് പൈപ്പ് കടന്നു പോകുന്നത് മൂലം തടസ്സം ഉണ്ടോയെന്ന് കണ്ടെത്തും.
റോഡിന് ഇരുവശത്തെയും കാട് വെട്ടിനീക്കാനും മഴക്കാലത്തിന് മുമ്പ് ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താനും നടപടി സ്വീകരിക്കുമെന്ന് സി.സി.എഫ് ഉറപ്പുനൽകിയതായി ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് കെ.കെ രവി, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു, പഞ്ചായത്തംഗം ജിജോ ജോസഫ് എന്നിവർ വ്യക്തമാക്കി. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പ്രധാന റോഡിലും ഗ്രാ മീണ റോഡിലും സോളാർ ലൈറ്റ് സ്ഥാപിക്കും.
ആനകളെ പുഴ കടത്തി കാട്ടിലേക്ക് വിടൽ മാത്രം പരിഹാരമെന്ന് നാട്ടുകാർ
മുള്ളരിങ്ങാട്ടെ ആന ശല്യം പരിഹരിക്കാൻ കാട്ടാനക്കൂട്ടത്തെ പെരിയാർ നദി മുറിച്ചുകടത്തി കാട്ടിലേക്ക് വിടൽ മാത്രമാണ് പരിഹാരമെന്ന് നാട്ടുകാർ. കുങ്കിയാനകളെ ഉപയോഗിച്ച് ഉൾക്കാട്ടിലേക്ക് ആനകളെ തുരത്തുകയല്ലാതെ മറ്റൊരു പരിഹാരമില്ല. പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന ഭാഗത്ത് ആനത്താര അടഞ്ഞതും നേര്യമംഗലം- അടിമാലി ഭാഗത്തെ റോഡ് നിർമാണവും എല്ലാം കാരണം ആനക്കൂട്ടം മുള്ളരിങ്ങാട്ട് തന്നെ ചുറ്റിത്തിരിയുകയാണ്. ഫെൻസിങ് സ്ഥാപിച്ചാൽ ആറ് മാസം പോലും നിൽക്കുന്നില്ല.
മരങ്ങൾ വീണും ആനകൾ തന്നെ നശിപ്പിച്ചും ഇവ ഇല്ലാതാകുകയാണ്. മുള്ളുവേലിയും കിടങ്ങുമെല്ലാം സമാന അവസ്ഥയിലാണ്. അടിയന്തരമായി തെരുവുവിളക്ക് തെളിയിക്കുകയും കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്താൽ കാട്ടാനകൾ റോഡിൽ നിൽക്കുന്നത് കാണാനെങ്കിലും കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.