ദേവികുളം താലൂക്കിലെ ദുരന്ത സാധ്യത മേഖലകൾ എൻ.ഡി. ആർ. എഫ് സംഘം സന്ദർശിക്കുന്നു
തൊടുപുഴ: ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്.എഫ്) പരിശോധന നടത്തി. മൂന്നാര്‍, മാങ്കുളം, ആനവിരട്ടി വില്ലേജുകളിലാണ് സംഘം എത്തിയത്. എന്‍.ഡി.ആര്.എഫ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് ജി. ചീനാത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ദേവികുളം തഹസില്‍ദാറുമായി കൂടിക്കാഴ്ച നടത്തി. തഹസില്‍ദാര്‍ ,വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരോടൊപ്പം വിവിധ മേഖലകള്‍ സേനാംഗങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
മൂന്നാര്‍ വില്ലേജിലെ അന്തോണിയാര്‍ കോളനി, 26 മുറി, എം.ജി കോളനി, ലക്ഷം കോളനി,മൂന്നാര്‍ ഗ്യാപ്പ് റോഡ്, മാങ്കുളം വില്ലേജിലെ ആനക്കുളം,പെരുമ്പംകുത്ത്, ആറാം മൈല്‍,താളുംകണ്ടം,മാങ്കുളം കെ.എസ്.ഇ.ബി ജലവൈദ്യുതി പദ്ധതി,ആനവിരട്ടിയിലെ ദേശീയപാത,കോട്ടപ്പാറ കോളനി എന്നീ പ്രദേശങ്ങളില്‍ സംഘം പരിശോധന നടത്തി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എന്തെങ്കിലും ഏത് അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായാണ് 33 അംഗ ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ മാസം ഇടുക്കി ജില്ലയിലെത്തിയത്.
വെള്ളാപ്പാറയിലെ വനംവകുപ്പിന്റെ ഡോര്‍മെറ്ററിയാണ് എന്‍.ഡി.ആര്.എഫ് ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്നത്. പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ തുടങ്ങി ഏതു പ്രതിസന്ധിയിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പരിശീലനം നേടിയവരാണ് സേനാംഗങ്ങള്‍.നാലു ബോട്ടുകള്‍, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചല്‍ ദുരന്തങ്ങളില്‍ ഉപയോഗിക്കുന്ന കട്ടര്‍ മെഷീനുകള്‍, സ്കൂബ ഡൈവിങ് സെറ്റ്, മല കയറുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങി സര്‍വ സന്നാഹങ്ങളുമായി സജ്ജമാണ് സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.