തൊടുപുഴ: ഇടത് സ്ഥാനാർഥിയായി ജോയ്സ് ജോർജും യു.ഡി.എഫ് സ്ഥാനാർഥിയായി ഡീൻ കുര്യാക്കോസും രംഗത്തിറങ്ങിയതോടെ വേനൽച്ചൂടിനൊപ്പം പ്രാചാരണച്ചൂടും ഏറി. വെള്ളിയാഴ്ച യു.ഡി.എഫ് സ്ഥാനാർഥിയായി ഡീൻ കൂടി എത്തിയതോടെ മത്സരചിത്രം തെളിഞ്ഞു.
ബി.ഡി.ജെ.എസിന്റെ സ്ഥാനാർഥികൂടി എത്തുന്നതോടെ ചിത്രം പൂർണമാകും. ഔദ്യോഗിക പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുമ്പുതന്നെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഡീൻ കുര്യാക്കസിന്റെ പോസ്റ്ററുകൾ നിറഞ്ഞിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ പ്രഖ്യാപനം നേരത്തേ എത്തിയതിനാൽ ഇദ്ദേഹം മണ്ഡലത്തിലെ ആളുകളെ നേരിൽകണ്ടുള്ള വോട്ടഭ്യർഥന തുടങ്ങിയിട്ടുണ്ട്.
ഇടുക്കി: യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന ശരിയായ രാഷ്ട്രീയത്തിനൊപ്പമാണ് ഇടുക്കി ജനതയുടെ മനസ്സെന്ന് ഡീൻ കുര്യാക്കോസ് എം.പി. യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം തൊടുപുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടു വർഷമായി ഇടുക്കിയിലെ ജനങ്ങളെ ദ്രോഹിക്കുന്ന ഇടതു സർക്കാറിനെതിരെയുള്ള ജനാവിധിയായി ഈ പാർലമെന്റ് തെരഞ്ഞെടുപ്പ് മാറും. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ജനാധിപത്യ സർക്കാർ അധികാരത്തിൽ വരേണ്ടത് ഇടുക്കി ജനതയുടെ നിലനിൽപിന്റെ പ്രശ്നംകൂടിയാണ്.
ജില്ലയുടെ പ്രാദേശിക വിഷയങ്ങളും ആവശ്യങ്ങളും പാർലമെന്റിൽ ഉന്നയിക്കാനും ഏറെയും നേടിയെടുക്കാനും സാധിച്ചതായി എം.പി പറഞ്ഞു. കേരളത്തിൽ സമ്പൂർണ വിജയമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. എന്നെ ജയിപ്പിച്ചു എന്നതിന്റെ പേരിൽ ഒരു ഇടുക്കിക്കാരനും ആരുടെ മുന്നിലും തലകുനിക്കേണ്ടി വന്നിട്ടില്ല. മുല്ലപ്പെരിയാർ, ബഫർ സോൺ, അരിക്കൊമ്പൻ, വന്യജീവി ആക്രമണം പോലുള്ള വിഷയങ്ങളിൽ ഇടുക്കിയുടെ വികാരം ഉൾക്കൊണ്ട നിലപാടാണ് എം.പി എന്ന നിലയിൽ സ്വീകരിച്ചത്. ഈ വിഷയങ്ങൾ എല്ലാം പാർലമെന്റിൽ ഉന്നയിച്ചു. ഇടുക്കിയിലെ ജനങ്ങൾക്ക് പട്ടയം നൽകുന്നത് ഹൈകോടതി ഉത്തരവ് പ്രകാരം നിർത്തിവെച്ചിരിക്കുകയാണ്. എതിർ സത്യവാങ്മൂലം നൽകാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്ന് ഡീൻ ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, മുൻ ഡി.സി.സി പ്രസിഡൻറ് ജോയി തോമസ്, ബ്ലോക്ക് പ്രസിഡൻറ് പി.ജെ. അവിര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.