തൊടുപുഴ: പട്ടികജാതി വർഗ വിഭാഗങ്ങളിലായി ജില്ലയിലുള്ളത് പതിനയ്യായിരത്തോളം ഭവനരഹിതർ. അടിസ്ഥാനവർഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴാണ് ജില്ലയിൽ ഇരുവിഭാഗത്തിലുമായി 14,257 പേർ ഭവനരഹിതരായി കഴിയുന്നത്. ജില്ലയിലെ വിവിധ താലൂക്കുകളിലായി വീടിനും സ്ഥലത്തിനുമായുള്ള കാത്തിരിപ്പിലാണിവർ.
ജില്ലയിൽ ഭവനരഹിതരായ പട്ടികവർഗക്കാരുമേറെയുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് നിലവിൽ ജില്ലയിലുള്ള ഭവനരഹിതരായ പട്ടികവർഗക്കാർ 1585 പേരാണ്. ഇതിൽ 1232 പേർ സ്വന്തമായി വീടില്ലാത്തവരാണെങ്കിൽ 353 പേർ സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവരാണ്. പട്ടികവർഗക്കാർക്കും ഭൂമിയും വീടും ഉറപ്പാക്കാൻ വകുപ്പ് പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴാണ് ഇത്രയും പേർ ഇനിയും അവശേഷിക്കുന്നത്.
അർഹരായവർക്ക് സ്ഥലം കണ്ടെത്തലാണ് വകുപ്പ് നേരിടുന്ന പ്രധാന പ്രതിസന്ധി. ഭൂമിയില്ലാത്ത പട്ടികജാതിക്കാർക്ക് പഞ്ചായത്തുതലത്തിൽ അഞ്ച് സെന്റ് ഭൂമി വാങ്ങാൻ സെന്റ് ഒന്നിന് 75,000 രൂപ വീതവും നഗരസഭതലങ്ങളിൽ മൂന്ന് സെന്റിന് നാലര ലക്ഷം രൂപയും അനുവദിക്കുന്നുണ്ട്. എന്നാൽ, സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധികളും മറ്റ് നൂലാമാലകളും മൂലം ഇതൊന്നും യഥാസമയം നടക്കാറില്ല.
കൂടാതെ ഈ തുകക്ക് ലഭിക്കുന്ന സ്ഥലം കണ്ടെത്തലും വെല്ലുവിളിയാണ്. കൂടാതെ ഭവന നിർമാണ ധനസഹായം വാങ്ങിയ ശേഷം നിർമാണം പൂർത്തീകരിക്കാത്ത ഗുണഭോക്താക്കളുടെ എണ്ണവും കുറവല്ല. ആദ്യഗഡു വാങ്ങിയ ശേഷം പിന്നീട് തുടർപ്രവൃത്തികൾ നടത്താത്തവരാണ് ഇവരിൽ ഭൂരിഭാഗവും.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഭവനരഹിതരായ പട്ടികജാതി വിഭാഗക്കാരുടെ എണ്ണം 12,672 ആണ്. ഇതിൽ സ്വന്തമായി വീടും സ്ഥലമില്ലാത്തവർ 5290 പേർ. സ്ഥലമുണ്ടെങ്കിലും വീടില്ലാത്തവരുടെ എണ്ണം ഇതിലേറെയാണ്. 7382പേരാണ് ഈഗണത്തിലുള്ളത്. നേരത്തേ പട്ടികജാതി വികസന വകുപ്പ് നേരിട്ടായിരുന്നു ഇത്തരം കാര്യങ്ങളിൽ സഹായം നൽകിയിരുന്നതെങ്കിലും ലൈഫ് പദ്ധതിയുടെ വരവോടെ ഭവന നിർമാണ സഹായങ്ങളെല്ലാം അതുവഴിയാക്കിയിട്ടുണ്ട്. എന്നാൽ, ഗ്രാമ നഗര കോർപറേഷൻ പരിധികളിൽ സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങാൻ വകുപ്പ് ധനസഹായം നൽകുന്നുണ്ട്.
സർക്കാർ കണക്കനുസരിച്ച് ജില്ലയിൽ ഒമ്പത് വർഷത്തിനിടെ സർക്കാർ ഭൂമി നൽകിയ ഭൂരഹിത പട്ടികജാതി കുടുംബങ്ങളുടെ എണ്ണം 1361 ആണ്. ഇവർക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 90.25 ഏക്കർ ഭൂമിയാണ് നൽകിയത്. ഇതുപ്രകാരം 2016-17 ൽ188 കുടുംബങ്ങൾക്ക് 13.68 ഏക്കറും 2017-18ൽ 213 കുടുംബങ്ങൾക്കായി 10.49 ഏക്കറും 2018-19ൽ 155 കുടുംബങ്ങൾക്കായി 9.63 ഏക്കർ, 2019-20ൽ 207 കുടുംബങ്ങൾക്കായി 12.44 ഏക്കറും 2020-21ൽ 188 കുടുംബങ്ങൾക്കായി 11.48 ഏക്കറും നൽകി.
2021-22ൽ 165 കുടുംബങ്ങൾക്ക് 10.65 ഏക്കറും 2022-23 ൽ 136 കുടുംബങ്ങൾക്ക് 9.2 ഏക്കറും 23-24ൽ 91 കുടുംബങ്ങൾക്ക് 5.92 ഏക്കറും കഴിഞ്ഞ വർഷം 100 കുടുംബങ്ങൾക്കായി 6.8 ഏക്കറുമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.