കോതായിക്കുന്നിലെ ശുചിമുറി കെട്ടിടം
തൊടുപുഴ: കാത്തിരിപ്പിനൊടുവിൽ കോതായിക്കുന്ന് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പണികൾ പുനരാരംഭിക്കുന്നു. തൊടുപുഴ നഗരസഭയുടെ കോതായിക്കുന്ന് ബസ് സ്റ്റാൻഡിൽ നിർമാണം പൂർത്തിയാക്കിയ കംഫർട്ട് സ്റ്റേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റടക്കമുള്ള അവസാനവട്ട പ്രവൃത്തികളാണ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നത്. ഒരുമാസം കൊണ്ട് പ്രവൃത്തികൾ പൂർത്തിയാക്കി ശുചിമുറി തുറന്ന് നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കോതായിക്കുന്നിൽ കംഫർട്ട് സ്റ്റേഷൻ നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ പിന്നിട്ടു. എന്നാൽ, മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതോടെ ഇത് പ്രയോജപ്രദമായില്ല. ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് 2019ലാണ് നിർമാണം ആരംഭിച്ചത്. എന്നാൽ, മാലിന്യ സംസ്കരണ സംവിധാനമുണ്ടാക്കുന്നതിൽ നഗരസഭ ഭരണാധികാരികളും ഉദ്യോഗസ്ഥരും അനാസ്ഥ കാണിച്ചതോടെ ഇത് അടഞ്ഞുകിടന്നു.
പ്രദേശത്തെ ജനപ്രതിനിധികൾ, സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ, ബസ് തൊഴിലാളികൾ, കച്ചവടക്കാർ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാക്കാൻ അധികൃതർ തയാറായില്ല. ഇതോടെ പൊതുഖജനാവിൽനിന്ന് 40 ലക്ഷം മുടക്കിയ പദ്ധതി ആർക്കും പ്രയോജനമില്ലാതെ മാറി.
രണ്ട് നിലകളിലായുള്ള ശുചിമുറി കെട്ടിടത്തിന്റെ മുകൾ നിലയിലെ രണ്ട് മുറികൾ രാത്രിയിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് വിശ്രമകേന്ദ്രമായാണ് വിഭാവനം ചെയ്തിരുന്നത്. രണ്ട് ഡബിൾ റൂമുകളാണ് ഇവിടെ തയാറാക്കിയത്. ഈ മുറികളിൽ ലൈറ്റും ഫാനും ഉൾപ്പെടെയുള്ളവ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പ്രവർത്തനം ആരംഭിക്കാതായതോടെ സാമൂഹികവിരുദ്ധരും അനാശാസ്യ സംഘങ്ങളും ഇവിടെ തമ്പടിച്ചു. ഇവർ ഇവിടത്തെ നിർമിതികളെല്ലാം നശിപ്പിക്കുകയും ചെയ്തു. മാലിന്യ സംസ്കരണ സംവിധാനം ആരംഭിക്കുന്നതോടെ ഷീ ലോഡ്ജും പ്രവർത്തനസജ്ജമാക്കാൻ കഴിയും. ഇതിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ ശുചീകരണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
ശുചിമുറിയുടെയും ഷീ ലോഡ്ജിന്റെയും പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി തുറന്നുനൽകുമെന്ന് നഗരസഭ ചെയർമാൻ കെ. ദീപക് ‘മാധ്യമ’ത്തോട് പറഞ്ഞു. നിസ്സാര സാങ്കേതികത്വത്തിൽ കുരുങ്ങിയാണ് ഇക്കാര്യങ്ങൾ നീണ്ടുപോയത്. എന്നാൽ, മൂന്നുമാസം മുമ്പ് താൻ ചെയർമാനായ ശേഷമാണ് ഇക്കാര്യത്തിൽ സജീവമായ ഇടപെടലുണ്ടായത്.
ഇതിനായി ശുചിത്വ മിഷന്റെയും എൻജിനീയറിങ് വിഭാഗത്തിന്റെയും യോഗങ്ങൾ പലവട്ടം വിളിച്ച് ചേർത്തു. സാങ്കേതികത്വങ്ങൾ മാറ്റാനുള്ള ഇടപെടലുകൾ നടത്തിയാണ് തിങ്കളാഴ്ച മുതൽ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ പ്രവൃത്തികൾ ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.