ഭൂപതിവ് മുതൽ ദേശീയപാത വരെ; പ്രചാരണച്ചൂടിൽ മലയോരം തിളയ്ക്കും

തൊടുപുഴ: ഭൂപ്രശ്നങ്ങളും വന്യമൃഗ ശല്യം മുതൽ ദേശീയ പാത നിർമാണ വിവാദം വരെയുളള നിരവധി വിഷ‍യങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മലയോരത്തിന്‍റെ മനസ്സിളക്കാനായി കാത്തിരിക്കുന്നത്. ഇടത്-വലത് മുന്നണികളും ബി.ജെ.പിയുമെല്ലാം വിവാദ വിഷയങ്ങളിൽ പരമാവധി വോട്ട് തങ്ങൾക്കനുകൂലമായി മാറ്റാനുളള അജണ്ടയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഹൈറേഞ്ചിലും ലോ റേഞ്ചിലുമെല്ലാം ഒരേ പോലെ ജനമനസ്സിളക്കുന്ന പ്രചാരണ വിഷയങ്ങളാണ് ഓരോ മുന്നണിയും വരും ദിവസങ്ങളിൽ പുറത്തിറക്കാൻ പോകുന്നത്.

വോട്ടാകുമോ ഭൂപതിവ്..?

ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ സംസ്ഥാന സർക്കാർ കൊണ്ട് വന്ന ഭൂപതിവ് നിയമ ചട്ടഭേദഗതിയായിരിക്കും ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം.

സംസ്ഥാന സർക്കാർ തങ്ങളുടെ അഭിമാന പദ്ധതിയായാണ് ഭേദഗതിയെ ഉയർത്തിക്കാണിച്ചത്. വർഷങ്ങളായി തുടരുന്ന ജില്ലയിലെ ഭൂ പ്രശ്നങ്ങൾക്ക് ഇത് വഴി പരിഹാരമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതിന്‍റെ ചുവട് പിടിച്ച് ജില്ലയിൽ എൽ.ഡി.എഫും ഭേദഗതിയെ അനുകൂലിച്ച് രംഗത്ത് വന്നു.

എന്നാൽ ക്രമവത്കരണത്തിനായി ഈടാക്കുന്ന ഫീസടക്കമുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും പ്രതിപക്ഷവും ചില സംഘടനകളും രംഗത്ത് വന്നതോടെ വിവാദം കൊഴുത്തു. ഇത് ജനങ്ങളെ ചൂഷണം ചെയ്യാനും ഉദ്യോഗസ്ഥരാജിന് വഴിവക്കാനാണെന്നുമായിരുന്നു ഇവരുടെ ആരോപണം.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ക്രമവത്കരണം സൗജന്യമായി ചെയ്ത് നൽകുമെന്ന പ്രഖ്യാപനവും ഇതിനിടെയുണ്ടായി. ഏതായാലും തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി നിയമഭദേഗതി നടപ്പിൽ വരുത്തണമെന്ന ലക്ഷ്യത്തോടെ ദ്രുതഗതിയിൽ കാര്യങ്ങൾ ചെയ്ത സർക്കാരും പിന്നീട് അൽപം മെല്ലെപ്പോക്കായി. അവ്യക്തതകളെല്ലാം പരിഹരിച്ച് ഭേദഗതി ഉടൻ നടപ്പിൽ വരുത്തുമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വാദം.

വിവാദമൊടുങ്ങാതെ ദേശീയ പാത

കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ നിർമാണ പ്രതിസന്ധിയാണ് മറ്റൊരു പ്രചാരണ വിഷയം. സംസ്ഥാന സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തോടെയാണ് വിവാദങ്ങളുടെ തുടക്കം. ബി.ജെ.പി നേതാവ് നൽകിയ ഹരജിയിലായിരുന്നു സർക്കാർ നടപടി. വാളറ മുതൽ നേര്യമംഗലം വരെയുളള 14 കിലോമീറ്ററിൽ നിർമാണം പ്രതിസന്ധിയിലായതോടെ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.

വിവിധ രാഷ്ട്രീയ സംഘടനകളും രാഷ്ടീയേതര സഘടനകളും യോജിച്ച പ്രതിഷേധങ്ങൾ നടത്തി. പ്രതിഷേധങ്ങൾ തുടർക്കഥയായതോടെ കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന നിലപാടിൽ സർക്കാരെത്തി. ഒടുവിൽ ദേശീയ പാതയിലെ നിർമാണ പ്രവർത്തികൾക്കനുകൂലമായ സത്യവാങ്മൂലം നൽകിയെങ്കിലും കോടതിയാകട്ടെ പന്ത് സർക്കാരിന്‍റെ കോർട്ടിലേക്ക് തട്ടി. ഇക്കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതിന്‍റെ അമർഷം മലയോരത്ത് പുകയുന്നുണ്ട്.

പരിഹാരമില്ലാതെ വന്യമൃഗ ശല്യം

പരിഹാരമില്ലാതെ തുടരുന്ന വന്യമൃഗ ശല്യമാണ് മലയോര ജില്ലയിലെ ജനങ്ങളുടെ മറ്റൊരു പ്രതിസന്ധി. വന്യമൃഗ വിളയാട്ടത്തിൽ ഇതിനോടകം നിരവധി ജീവനുകളാണ് നഷ്ടമായത്. ദിവസേനയെന്നോണം ഏക്കർ കണക്കിന് സ്ഥലത്താണ് കൃഷി നാശം റിപ്പോർട്ട് ചെയ്യുന്നത്.

വീടുകൾക്കും മറ്റ് വസ്തുവകകൾക്കുമുണ്ടാകുന്ന നാശം ഇതിന് പുറമേയാണ്. വനമേഖലയോട് ചേർന്ന പ്രദേശത്തായിരുന്നു നേരത്തെ വന്യമൃഗശല്യമെങ്കിൽ ഇപ്പോൾ ജനവാസ മേഖലകളിലും ഇത് വ്യാപകമാണ്. പ്രതിരോധ മാർഗമായി സർക്കാർ പ്രഖ്യാപിച്ച ഫെൻസ് നിർമാണമടക്കം പലപദ്ധതികളും ജല രേഖയായി.

ഇതോടെ കർഷകരിൽ പലരും തങ്ങളുടെ ജീവനോപാധിയായ കൃഷി തന്നെ ഉപേക്ഷിച്ചു. പലരും മറ്റിടങ്ങളിലേക്ക് താമസം മാറുകയും ചെയ്തു.അതുകൊണ്ട് തന്നെ മലയോര മേഖലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായി ഇത് മാറുകയും ചെയ്യും.

Tags:    
News Summary - kerala local body election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.