കടലിലെ മത്സ്യസമ്പത്തിൽ മാറ്റം; കേരള തീരത്തെ മീൻലഭ്യതയെ ബാധിക്കുന്ന ഘടകങ്ങൾ കണ്ടെത്തി

തൊടുപുഴ: കേരള തീരത്ത്​ മത്സ്യലഭ്യതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതായി പഠനം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്‍റെ കീഴിലുള്ള സെൻട്രൽ മറൈൻ ഫിഷറീസ്​ റിസർട്ട്​ ഇൻസ്​റ്റിറ്റ്യൂട്ടിന്‍റെ വിലയിരുത്തൽ പ്രകാരം കാലാവസ്ഥ വ്യതിയാനം, സമുദ്രശാസ്ത്രപരമായ മാറ്റങ്ങൾ എന്നിവ കൂടാതെ ചെറുമത്സ്യങ്ങളെയും പൂർണ വളർച്ചയെത്താത്ത മത്സ്യങ്ങളെയും വിവേചനരഹിതമായി പിടിക്കുന്നതും മത്സ്യബന്ധനയാനങ്ങളുടെ അമിതശേഷിയും അമിത മത്സബന്ധന സമ്മർദവും അടക്കമുള്ള കാര്യങ്ങളാണ്​ ഏറ്റക്കുറച്ചിലുകൾക്ക്​ കാരണമായി ചൂണ്ടിക്കാട്ടുന്നത്​.

മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മൊത്തം സമുദ്രമത്സ്യലഭ്യതയിൽ പ്രതിവർഷം തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ഏറ്റക്കുറച്ചിലുകൾ പ്രകടമാകുന്നുവെന്ന്​​ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

2015-ൽ 4.82 ലക്ഷം ടണ്ണായിരുന്ന സമുദ്ര മത്സ്യ ഉൽപാദനം 2018-ൽ 6.42 ലക്ഷം ടണ്ണായി ഉയർന്നിരുന്നു. 2020 ൽ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്​ (ഏകദേശം 3.5 ലക്ഷം ടൺ) താഴ്ന്നു. തുടർന്നും ഉൽപാദനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും 2024-ൽ ഇത് 6.10 ലക്ഷം ടണ്ണിലെത്തി.​

അതേസമയം, ഐ.സി.എ.ആർ-സി.എം.എഫ്​.ആർ.ഐ ലഭ്യമാക്കിയ കഴിഞ്ഞ പത്തുവർഷത്തെ കണക്കുകൾ പ്രകാരം ജൂലൈ മുതൽ ഒക്​ടോബർ വരെയുള്ള കാലയളവിലെ മൊത്തം മത്സ്യലഭ്യതയിൽ തുടർച്ചയായ കുറവ്​ രേഖപ്പെടുത്തിയിട്ടില്ല.

എന്നാൽ, പരമ്പരാഗത യന്ത്രവൽകൃത മത്സ്യബന്ധനയാനങ്ങളുടെ വിഭാഗത്തിൽ 2024, 2025 വർഷങ്ങളിൽ, മത്സ്യലഭ്യതയിൽ യഥാക്രമം 13 ശതമാനം 21 ശതമാനം കുറവുണ്ടായി. സമുദ്രമത്സ്യലഭ്യതയിൽ കാണുന്ന ഇത്തരം വ്യതിയാനങ്ങളെ ശാസ്ത്രീയ രീതിയിൽ വിശകലനത്തിന്​ വിധേയമാക്കി വരികയാണ്​.

എൽനിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ സമുദ്രത്തിലെ ഭൗതിക-ജൈവ സാഹചര്യങ്ങളെയും മത്സ്യസമ്പത്തിനെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന്​ ​ സി.എം.എഫ്.ആർ.ഐ അടക്കം ശാസ്ത്രീയ പഠനം നടത്തുന്നുണ്ട്​​​​.

കാലാവസ്ഥാ വ്യതിയാനങ്ങൾ മത്സ്യങ്ങളുടെ വിതരണം, ദേശാടനം, പ്രജനനം, ലഭ്യത എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നതാണ്. സി.എം.എഫ്.ആർ.ഐ നടത്തുന്ന പഠനത്തിന്‍റെ കണ്ടെത്തലുകൾ മത്സ്യബന്ധന മേഖലയിലെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിന് പ്രയോജനകരമാകുമെന്നാണ്​ വിലയിരുത്തുന്നത്​.

ചില സമയങ്ങളിൽ മത്സ്യലഭ്യത ഗണ്യമായി കുറയുന്നത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും ഉപജീവനത്തെയും സാരമായി ബാധിക്കുന്നുണ്ട്​. ലഭ്യത കുറയുമ്പോഴും ഇന്ധനം, യാനങ്ങളുടെ പരിപാലനം, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ മാറ്റമില്ലാതെ തുടരുന്നത് തൊഴിലാളികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.