'ചേരാനല്ലൂർ കേസിൽ തന്നെ അഡി. ജഡ്ജി വിളിച്ചിട്ടില്ല'; സ്ഥാനമൊഴിയുന്നതിനിടെ വെളിപ്പെടുത്തി മുൻ കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ
കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് അഡി. ജഡ്ജി വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പദവിയിൽനിന്ന് മാറ്റിയ കാളിരാജ് മഹേഷ് കുമാർ. സ്ഥാനമൊഴിയുന്നതിന് മുമ്പ് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് കമ്മിഷണർ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ഒരു അവസരം കിട്ടില്ല എന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കാളിരാജ് മഹേഷ് കുമാറിന് പകരം ആർ. നിശാന്തിനിയാണ് കൊച്ചി സിറ്റി പൊലീസ് കമീഷണറായി ചുമതലയേൽക്കുന്നത്.
കാളിരാജ് മഹേഷ് കുമാർ അഡി. ജഡ്ജിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നതിന്റെ പേരിലാണ് അദ്ദേഹത്തെ കൊച്ചി സിറ്റി പൊലീസ് കമീഷണർ പദവിയിൽ നിന്ന് മാറ്റിയത് എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. അഡി. ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച വാഹനമിടിച്ചാണ് ചേരാനല്ലൂർ സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. തുടർന്ന് 17കാരന് സ്റ്റേഷൻ ജാമ്യം ലഭിക്കുയും വ്യാപകമായി വിമർശനം ഉയർന്നതോടെയാണ് നരഹത്യ കുറ്റം ചുമത്തി ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കിയത്. ഇവിടെ നിന്ന് 17കാരന് ജാമ്യവും ലഭിച്ചിരുന്നു.
എന്നാല്‍, ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ആരും തന്നെ വിളിച്ചിട്ടില്ല. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മറ്റുള്ള കാര്യങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സ്ഥലംമാറ്റം ലഭിച്ചത് സാധാരണ കാര്യമാണെന്നും സർക്കാർ സർവിസിലുള്ള ഉദ്യോഗസ്ഥർക്ക് ഇതു ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അടക്കം നാലു പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി സിറ്റി പൊലീസ് കമീഷണർ പദവിയിൽ നിന്ന് മാറ്റിയത്. ഈ വർഷം ജനുവരിയിലാണ് അദ്ദേഹം സിറ്റി പൊലീസ് കമീഷണറായി നിയമിതനാകുന്നത്. എന്നാൽ, ഒരു വർഷം പോലും തികയുന്നതിന് മുമ്പ് അദ്ദേഹം തെറിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.