തൊടുപുഴ: ജില്ലയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം പതിനായിരത്തിന് മുകളിൽ. 2021 മുതൽ 2025 മാർച്ച് 13 വരെയുള്ള കണക്കാണിത്. 10,058 പേരാണ് നടപടി നേരിട്ടത്. മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിച്ച് വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ചവരുടെ എണ്ണം 17 ആണ്. അപകടങ്ങളിൽ നാല് ജീവനുകൾ പൊലിഞ്ഞു. ലഹരിയിൽ വാഹനം ഒടിക്കുന്നവർക്കെതിരെ മോട്ടോർവാഹന വകുപ്പ് കർശന നടപടികളാണ് കൈക്കൊള്ളുന്നത്.
പതിനായിരം രൂപ വരെ പിഴയും ആറ് മാസം വരെ തടവും ആവർത്തിച്ചുള്ള കുറ്റത്തിന് 15000 രൂപ വരെ പിഴയും രണ്ട് വർഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചുവെന്ന് തെളിയിക്കപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാകകൽ അടക്കമുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ചെയ്തു വരുന്നുണ്ട്. ലഹരി ഉപയോഗിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനെക്കൂടി അപകടത്തിലാക്കുകയാണ്.
എവിടെയെങ്കിലും അപകടമുണ്ടാകുമ്പോഴോ ആരെങ്കിലും പരാതിപ്പെടുമ്പോഴോ മാത്രമാണ് എക്സൈസും പോലീസും മോട്ടോർവാഹനവകുപ്പുമൊക്കെ ലഹരി വേട്ടക്കിറങ്ങാറുള്ളത്.
ബോധവത്കരണം, നിയമ നിര്‍മാണം, കര്‍ശന നടപടി എന്നിവയിലൂടെ ഇതിന് തടയിടേണ്ടത് അനിവാര്യമാണ്. അമിത വേഗവും അശ്രദ്ധയും തന്നെയാണ് അപകടങ്ങള്‍ക്ക് മുഖ്യ കാരണമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഇതിന് പിന്നിലുള്ള കാരണം മിക്കപ്പോഴും ലഹരി ഉപയോഗമാകാമെന്നാണ് പൊലീസ് പറയുന്നത്.
മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാസ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലേക്ക് അധികൃതരെത്തുന്നത്.
നിറമോ മണമോ ഇല്ലാത്ത എളുപ്പം കണ്ടെത്താന്‍ കഴിയാത്ത പുതിയ തരം രാസലഹരികളുടെ ഉന്മാദച്ചുഴിയില്പ്പെട്ട് അമിത വേഗത്തില്വാഹനങ്ങളോടിക്കുകയും അപകടങ്ങളുണ്ടാക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടാകുന്നത്. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ച് അപകടത്തിൽപ്പെടുന്ന സംഭവങ്ങളും ആവർത്തിക്കുന്നുണ്ട്.v
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.