തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ ഈ​ത്ത​പ്പ​ഴ വി​ൽ​പ​ന കേ​ന്ദ്രം

ഇത്തവണ ഈത്തപ്പഴ വിപണിക്ക് മധുരമേറും

തൊടുപുഴ: കഴിഞ്ഞ രണ്ടുവർഷങ്ങളിലും റമദാനിൽ ഈത്തപ്പഴ വിപണിക്ക് മധുരം കുറവായിരുന്നു. കോവിഡ് കാല പ്രതിസന്ധിയാണ് ഈത്തപ്പഴ വിപണിയെയും പ്രതികൂലമായി ബാധിച്ചത്. എന്നാൽ, ഇത്തവണ സ്ഥിതിഗതികളിൽ കാര്യമായ മാറ്റമുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വിദേശരാജ്യങ്ങളിൽനിന്നെത്തിയ, വിലയിലും ഗുണത്തിലും സ്വാദിലും വൈവിധ്യമുള്ള ഈത്തപ്പഴങ്ങൾ റമദാൻ തുടങ്ങുന്നതിന് മുമ്പുതന്നെ വിപണി കൈയടക്കി. റമദാൻ ആരംഭിച്ചതോടെ വിൽപന സജീവമാണ്.

ഇറാൻ, അൾജീരിയ, ടുനീഷ്യ, സൗദി, ജോർദാൻ എന്നിവിടങ്ങളിൽനിന്നാണ് ഈത്തപ്പഴം പ്രധനമായും വിപണിയിലെത്തുന്നത്. ഇറാനിൽനിന്നുള്ള ബറാറി അടക്കം ഇനങ്ങൾ, സൗദിയുടെ അജ്വ, മഷ്ഹൂഖ്, സഫാവി, മറിയം, മബ്റൂം, ജോർദാന്‍റെ മജ്ദൂൾ എന്നിവയാണ് ഇത്തവണ വിപണിയിലെ താരങ്ങൾ. ഇറാനിയൻ ഈത്തപ്പഴങ്ങൾക്ക് ഇനത്തിനനുസരിച്ച് കിലോക്ക് 95 മുതൽ 250 രൂപ വരെയാണ് മൊത്തവില.

സൗദിയിൽനിന്നുള്ളവക്ക് 350 മുതൽ 900 വരെയും ജോർദാനിൽനിന്നുള്ള മജ്ദൂളിന് 1000 മുതൽ 1200 വരെയുമുണ്ട്. എല്ലാവർക്കും താങ്ങാവുന്ന വിലക്ക് കിട്ടുന്ന ഇറാന്‍റെ ഇടത്തരം പഴങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. വ്യക്തികൾക്ക് പുറമെ പള്ളികളിലേക്കും റിലീഫ് വിതരണത്തിനായി സംഘടനകളും ഈത്തപ്പഴം കൂടുതലായി വാങ്ങുന്നുണ്ട്.

എല്ലാവരും ഒരു മഹാമാരിക്കാലത്തിലൂടെ കടന്നുപോയതോടെ രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഡ്രൈ ഫ്രൂട്ടുകൾക്കും നട്സ് ഇനങ്ങൾക്കും ഡിമാൻഡ് കൂടിയിട്ടുണ്ട്. ഈത്തപ്പഴത്തിനൊപ്പം കശുവണ്ടിപ്പരിപ്പ്, പിസ്ത, ബദാം, അത്തിപ്പഴം എന്നിവക്കും കൂടുതൽ ആവശ്യക്കാരുണ്ടെന്ന് തൊടുപുഴയിലെ എടക്കാട്ട് എന്‍റർപ്രൈസസ് മാനേജിങ് പാർട്ണർ ഇ.എ. അഭിലാഷ് പറയുന്നു. ബദാമിന് 650 മുതൽ 700 രൂപ വരെ, പിസ്ത 950-1000, അത്തിപ്പഴം 800-900, കശുവണ്ടി 650-1000 എന്നിങ്ങനെയാണ് മൊത്ത വില. 

Tags:    
News Summary - dates market related with ramadan 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.