തകർന്ന റോഡ്
തൊടുപുഴ: കലിതുള്ളിയെത്തിയ കാലവർഷത്തിൽ ജില്ലയിലെ പ്രധാന റോഡുകളെല്ലാം തകർച്ചയുടെ വക്കിലാണ്. ഗ്രാമ നഗര ഭേദമന്യേ റോഡുകളിൽ കുണ്ടും കുഴിയും നിറഞ്ഞ് കഴിഞ്ഞു. പൂർണമായോ ഭാഗികമായോ തകർന്ന റോഡുകളും നിരവധിയാണ്. റോഡ് തകർച്ചക്കെതിരെ പലയിടങ്ങളിലും പ്രതിഷേധവും പതിവാണ്.
വാഴനടലും തെങ്ങ് നടലും റോഡുപരോധവുമായി പ്രതിഷേധങ്ങൾ സജീവമാക്കുമ്പോൾ മറ്റ് ചിലയിടങ്ങളിൽ റീൽസ് പ്രതിഷേധത്തിലൂടെയാണ് നാട്ടുകാർ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.മലയോര മേഖലകളിലും വിനോദ സഞ്ചാര മേഖലകളിലുമടക്കമുളള റോഡുകളുടെ ശോച്യാവസ്ഥ ജനങ്ങളെ ഏറെ വലക്കുന്നുമുണ്ട്.
തൊടുപുഴ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ചതിക്കുഴികളാണ്. ഇതിൽ പലതും കാലവർഷം സജീവമാകുന്നതിന് മുന്നേ തന്നെ രൂപപ്പെട്ടതാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കാലവർഷം രൗദ്രഭാവം പൂണ്ടതോടെ തകർച്ച പൂർണമാകുകയായിരുന്നു.തൊടുപുഴ- മുതലക്കോടം റോഡ്,വെങ്ങല്ലൂർ- മങ്ങാട്ടുകവല ബൈപ്പാസ്, വെങ്ങല്ലൂർ റോഡ്,മുതലക്കോടം റോഡ്,പെരുമ്പിള്ളിച്ചിറ-മഠത്തിക്കണ്ടം റോഡ്, തൊടുപുഴ-മൂവാറ്റുപുഴ റോഡ് അടക്കം ഭൂരിഭാഗം റോഡുകളും തകർച്ചയുടെ വക്കിലാണ്.
റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന അഗാധ ഗർത്തങ്ങളാണ് ഇവിടങ്ങളിലെല്ലാം അപകടഭീതിയുയർത്തുന്നത്. മഴപെയ്യുമ്പോൾ കുഴികളിൽ വെളളം നിറയുന്നതോടെ ഇതറിയാതെ വന്ന് ചാടുന്ന ഇരുചക്രവാഹനയാത്രികർ അപകടത്തിൽ പെടുന്നതും പതിവാണ്. കാലവർഷമെത്തുന്നതിന് മുന്നേ രൂപപ്പെട്ട കുഴികളും ഇക്കൂട്ടത്തിലുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ ചിലയിടത്ത് അധികൃതരെത്തി കുഴികൾ മൂടിയെങ്കിലും കനത്തമഴയിൽ അതെല്ലാം ഒഴുകിപ്പോയി. ഇപ്പോൾ ഇവിടങ്ങളിൽ പഴയതിലും വലിയ കുഴിയാണെന്നാണ് നാട്ടുകാരുടെ പരാതി.
റോഡുകൾ തകർന്നതോടെ ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരമേഖലകളിലേക്കുളള യാത്രയും ദുർഘടമാണ്. മൂന്നാർ,മറയൂർ,ഇടുക്കി,ഇലവീഴാപൂഞ്ചിറ അടക്കമുളള വിനോദ സഞ്ചാരമേഖലകളിലെ പല റോഡുകളും നേരത്തെ തന്നെ തകർന്നിരുന്നു.
കാലവർഷം രൂക്ഷമായതോടെ ഇവയുടെ തകർച്ചയും പൂർണമായി.കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പഴയമൂന്നാർ ഹിൽവ്യൂ റിസോർട്ടിന് സമീപത്തും ഡി.ടി.പി.സി ഓഫീസിന് സമീപത്തും റോഡ് തകർന്നിരുന്നു. അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും മഴപെയ്തതോടെ വീണ്ടും റോഡ് തകർന്നു.
മൂന്നാർ മെയിൻ റോഡിനെ മാട്ടുപ്പട്ടി, ദേവികുളം റോഡുകളുമായി ബന്ധിപ്പിക്കുന്ന പാലത്തിന് നടുവിൽ ടാറിങ് ഇളകി വൻകുഴി രൂപപ്പെട്ടിട്ടുണ്ട്. കുഴിയിൽവീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. ഇരുട്ടുകാനം-രണ്ടാംമൈൽ ബൈപ്പാസ് റോഡും ശോച്യാവസ്ഥയിലാണ്.
മറയൂർ പഞ്ചായത്തിൽ പുതുക്കുടി ഉന്നതിയിലേക്കുള്ള ഏക മൺപാത കാലവർഷത്തിൽ തകർന്നു. ഇതോടെ ജീപ്പുകൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്.പുതുക്കുടി,വെള്ളക്കല്ല്, മുളകാംപ്പെട്ടി ഉന്നതികൾ ഒറ്റപ്പെട്ട നിലയിലുമായി.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുളള റോഡും തകർന്നടിഞ്ഞു കഴിഞ്ഞു. അശാസ്ത്രീയ നിർമാണമാണ് മാസങ്ങൾക്ക് മുമ്പ് മാത്രം നവീകരിച്ച റോഡ് തകരാൻ കാരണം.വെളളമൊഴുകുന്നതിനാവശ്യമായ കലുങ്കുകൾ നിർമിക്കാത്തതാണ് ഇവിടെ തിരിച്ചടിയായത്.
വർഷങ്ങളോളം തകർന്ന് കിടന്ന റോഡ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് നവീകരിച്ചത്. എന്നാൽ തകർത്ത് പെയ്ത കാലവർഷത്തോടൊപ്പം അശാസ്ത്രീയ നിർമാണവും റോഡിനെ തകർത്തെറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.