റിട്ട. എസ്.ഐ ഷാജഹാന്റെ ലഹരിക്കെതിരായ സൈക്കിൾ യാത്രക്ക് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ സ്വീകരണം
തൊടുപുഴ: മൂന്നു പതിറ്റാണ്ട് നീണ്ട പൊലീസ് സേവനത്തിൽ നിന്ന് പടിയിറങ്ങിയെങ്കിലും, കൊല്ലം പള്ളിമൺ തസ്ലീമ മൻസിലിൽ ഷാജഹാൻ എന്ന റിട്ട. എസ്.ഐ ലഹരിക്കെതിരായ പോരാട്ടം തുടരുകയാണ്.
പുതുതലമുറയെ നശിപ്പിക്കുന്ന വിപത്തിനെതിരെ വേറിട്ട പ്രചാരണത്തിലാണ് അദ്ദേഹം. കഴിഞ്ഞമാസമാണ് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തസ്തികയിൽനിന്ന് വിരമിച്ചത്. പിന്നാലെ സ്റ്റേഷനിൽനിന്ന് ലഹരിക്കെതിരായ തന്റെ സൈക്കിൾ യാത്ര ആരംഭിക്കുകയായിരുന്നു. മന്ത്രി ചിഞ്ചു റാണി, എൻ.കെ. പ്രേചന്ദ്രൻ എം.പി അടക്കമുളള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു തുടക്കം.
14 ജില്ലകളിലും സഞ്ചരിച്ച് സമൂഹത്തെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. കൊല്ലം കൊട്ടാരക്കര വഴി എറണാകുളത്തെത്തി കാസർകോട്, വയനാട്, പാലക്കാട് ജില്ലകൾ പിന്നിട്ട പ്രയാണം കഴിഞ്ഞദിവസം തൊടുപുഴ പൊലീസ് സ്റ്റേഷനിലുമെത്തി. പൊലീസുദ്യോഗസ്ഥർ ഹൃദ്യമായ സ്വീകരണമാണ് പഴയ സഹപ്രവർത്തകന് ഒരുക്കിയത്.
യാത്ര നടത്തുന്ന സ്ഥലങ്ങളിലെ, പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണം നടത്തിയും പൊതുയിടങ്ങളിൽ ലഹരിക്കെതിരെ സംസാരിച്ചുമാണ് പ്രയാണം. ആറുവർഷം മുമ്പ് സർവിസിൽനിന്ന് ലീവെടുത്ത് ‘ഹെൽമെറ്റ് ധരിക്കൂ ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശവുമായി 14 ജില്ലകളിലായി 1,700 കിലോമീറ്റർ ബോധവത്കരണം നടത്തി.
അന്നത്തെ പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയിൽനിന്ന് പ്രത്യേക അഭിനന്ദനവും ലഭിച്ചിരുന്നു. ഇക്കുറി ലഹരിക്കെതിരെ 2,025 കിലോമീറ്റർ താണ്ടലാണ് ഷാജഹാന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.