തൊടുപുഴ: നാല് വർഷത്തിനിടെ ജില്ലയിൽ വിജിലൻസ് കേസിൽ കുരുങ്ങിയത് അമ്പതോളം സർക്കാർ ജീവനക്കാർ. ജില്ലയിലെ വിവിധ സർക്കാർ ഓഫിസുകളിലെ ജീവനക്കാരാണ് വിജിലൻസ് പരിശോധനയിലും സ്പോട്ട് ട്രാപ്പിലും കുരുങ്ങിയത്. ഇതിൽ 35 പേർക്കെതിരെ കേസെടുത്തു. 13 പേർക്ക് കുരുക്കായത് സ്പോട്ട് ട്രാപ്പാണ്. വിവിധ വകുപ്പുകളിലായി നൂറോളം ജീവനക്കാർ നിലവിൽ വിജിലൻസ് നിരീക്ഷണത്തിലാണ്.
ജില്ലയിൽ കൂടുതൽ പേർ വലയിലായത് റവന്യൂവകുപ്പിൽ നിന്നാണ്. എട്ട് പേരാണ് ഇക്കാലയളവിൽ കേസിൽ കുടുങ്ങിയത്. വകുപ്പിൽ നിന്ന് സ്പോട്ട് ട്രാപ്പിൽ പെട്ടതാകട്ടെ മൂന്നുപേരാണ്. ഏഴ് പേരുമായി തദ്ദേശ സ്വയം ഭരണ വകുപ്പിനാണ് രണ്ടാം സ്ഥാനം. സ്പോട്ട് ട്രാപ്പിൽ പെട്ടവർ കൂടുതലും തദ്ദേശ വകുപ്പിൽ നിന്നാണ്. ആറു പേരാണ് വിജിലൻസ് വിരിച്ച വലയിൽ വീണത്.
ഇതിന് പുറമേ പൊതുമരാമത്ത് വകുപ്പിൽ നിന്ന് നാല്,സഹകരണം-മൂന്ന് ,പട്ടികജാതി വികസന വകുപ്പ്- മൂന്ന്, ക്ഷീര വികസനം-രണ്ട്,സർവേ-രണ്ട്, കൃഷി-രണ്ട് തൊഴിൽ, വനം, എക്സൈസ്, പൊലീസ് വകുപ്പിൽ നിന്ന് ഓരോരുത്തർ വീതവുമാണ് അഴിമതി കേസിൽ പെട്ടത്.
കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടികൂടുന്ന (സ്പോട്ട് ട്രാപ്പ്) ജീവനക്കാരുടെ എണ്ണത്തിൽ ജില്ലയിൽ മുമ്പിൽ തദ്ദേശ സ്വയം ഭരണ വകുപ്പാണ്. ആറുപേരാണ് ഇക്കാലയളവിൽ പിടിയിലായത്. കെട്ടിട നിർമാണമുൾപ്പടെ വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനായി കൈക്കൂലി വാങ്ങിയവരാണ് ഇവരിൽ കൂടുതലും. രണ്ടാം സ്ഥാനം റവന്യൂവകുപ്പിനാണ്. മൂന്ന് പേരാണ് വകുപ്പിൽ നിന്നും കൈയ്യോടെ പിടിക്കപ്പെട്ടത്. ആരോഗ്യവകുപ്പിൽ നിന്നും രണ്ട് പേർ ഇക്കാലയളവിൽ സ്പോട്ട് ട്രാപ്പിൽ പെട്ടു. കൂടാതെ വനം, പട്ടികജാതി,വികസന വകുപ്പുകളിൽ നിന്നായി ഓരോത്തർ വീതവും സ്പോട്ട് ട്രാപ്പിൽ പെട്ടു.
സർക്കാർ ജീവനക്കാർക്കെതിരായി നിരവധി പരാതികളാണ് നിലവിൽ വിജിലൻസിന് മുന്നിലെത്തുന്നത്. ഇത്തരം പരാതികളുടെ സ്വഭാവമനുസരിച്ച് രഹസ്യാന്വേഷണം, സത്വരാന്വേഷണം, പ്രാഥമികാന്വേഷണം തുടങ്ങിയ മൂന്ന് ഘട്ട പരിശോധനകൾക്ക് ശേഷമാണ് തുടർ നടപടികളിലേക്ക് കടക്കുന്നത്. തുടർന്നാണ് മിന്നൽ പരിശോധന, ട്രാപ്പുകൾ എന്നിവ നടത്തി കേസുകൾ രജിസ്റ്റർ ചെയ്യുകയും തുടർ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത്. കൈക്കൂലി ആവശ്യപ്പെടുന്ന പരാതികളിലാണ് സ്പോട്ട് ട്രാപ്പ് നടപടികൾ ആസൂത്രണം ചെയ്യുന്നത്.
പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകാൻ കൈക്കൂലി ചോദിച്ച് വാങ്ങുന്ന ഉദ്യോഗസ്ഥരെ കൈക്കൂലി നൽകി പിടികൂടുക എന്നതാണ് സ്പോട്ട് ട്രാപ്പ് നടപടിയുടെ ലക്ഷ്യം. സംസ്ഥാനതലത്തിൽ നിരന്തര കൈക്കൂലിക്കാരായ എഴുനൂറ് ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ വിജിലൻസിന്റെ നിരീക്ഷണത്തിലുളളത്. നേരിട്ടും ഡിജിറ്റലായും പണം കൈപ്പറ്റുന്നവരും പാരിതോഷികങ്ങൾ വാങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.