തൊടുപുഴ: നവകേരള സദസ്സിൽ ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ നടപ്പാക്കുന്ന വികസന പദ്ധതികൾക്കായി 35 കോടി രൂപ അനുവദിച്ചു. ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, പീരുമേട്, ഇടുക്കി എന്നീ നിയമസഭാ മണ്ഡലങ്ങൾക്ക് ഏഴ് കോടി രൂപ വീതമാണ് അനുവദിച്ചത്. ആകെ 28 വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ആഭ്യന്തരം എന്നീ വകുപ്പുകളുടെ കീഴിലുള്ള വികസന പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കുന്നത്. റോഡ് വികസനത്തിനാണ് മുൻഗണന. അനുവദിച്ച ആകെ തുകയായ 35 കോടിയിൽ 28.5 കോടി രൂപയാണ് വിവിധ മണ്ഡലങ്ങളിലായി റോഡ് നിർമാണത്തിന് ചെലവിടുന്നത്. ഉടുമ്പൻചോല, തൊടുപുഴ മണ്ഡലങ്ങളിലെ ഫയർ സ്റ്റേഷനുകളുടെ നിർമാണമാണ് ബാക്കിയുള്ള 6.5 കോടി രൂപയിൽ നടപ്പാക്കുന്നത്. ജനങ്ങളുമായി നടത്തിയ സംവാദത്തിന്റെ അടിസ്ഥാനത്തിലാണ് വികസന പദ്ധതികൾക്ക് രൂപം നൽകിയത്.
ദേവികുളം
പതിനെട്ടാം മൈൽ - ചിറ്റുവര സൗത്ത്, ഗുണ്ടള ചാരായക്കട- എസ്പി പുരം പോസ്റ്റ് ഓഫീസ് വരെയുള്ള റോഡ്, കുറ്റിയാർ വാലി, തെൻമല ന്യൂ ഡിവിഷൻ സോത്തുപ്പാറ ഗുണ്ടുമല, മൂന്നാർ - നടയാർ- കുറുമല, 200 ഏക്കർ - മെഴുകുംചാൽ, അമ്പഴച്ചാൽ -കാണ്ടിയാംപാറ, കന്നിമല ലോവർ ടോപ്പ് ഡിവിഷൻ, ലക്ഷ്മി ഈസ്റ്റ്, മാനില ഒ.ഡി.കെ, ലാക്കാട് ദോവികുളം ലോവർ, കോവിൽക്കടവ് ചെറുവാട് മിഷൻ വയൽ ആനക്കാംപെട്ടി എന്നീ 12 റോഡുകളുടെ വികസനം.
ഉടുമ്പൻചോല
നെടുങ്കണ്ടം ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനും ചെല്ലാർ കോവിൽ - നെറ്റിത്തൊഴു, നടുമറ്റം- മുണ്ടപ്ലാക്കൽ പടി- എൻ.ആർ. സിറ്റി, കാരിത്തോട്- ആട്ടുപാറ-കരിമല എന്നീ മൂന്ന് റോഡുകളുടെയും വികസനം.
തൊടുപുഴ
തൊടുപുഴ ഫയർ സ്റ്റേഷൻ നിർമാണവും മുതലക്കോടം -പഴുക്കാക്കുളം റോഡ്, കാരിക്കോട് - കുന്നം റോഡ് (കാരിക്കോട് -ചാലംകോട്- പട്ടയം കവല റോഡ്) എന്നിവ.
ഇടുക്കി
നത്ത് കല്ല്- വെളളയാംകുടി-സുവർണ്ണഗിരി- കക്കാട്ടുകട റോഡിൽ വെള്ളയാംകുടി മുതൽ കക്കാട്ട്കട വരെയുള്ള ഭാഗം ടാറിങും ഒരുകോടി രൂപ വിനിയോഗിച്ച് കട്ടപ്പന നേതാജി ബൈപ്പാസ് റോഡ് (0.760 കി.മി) നിർമാണവും.
പീരുമേട്
ഒരുകോടി രൂപ വീതം ഏഴ് വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. പെരുവന്താനം കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനചാരി- അഴങ്ങാട്, വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഡൈമുക്ക് - ആനക്കുഴി, അയ്യപ്പൻ കോവിൽ -കുമളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് - ചെങ്കര റോഡിലെ ശാന്തിപ്പാലം മുതൽ കൊളുന്ത് പുര വരെയുള്ള റോഡിന്റെ നിർമാണം പീരുമേട് പഞ്ചായത്തിലെ പഴയ പാമ്പനാർ- ലാഡ്രം- കൊടുവാക്കരണം, കുമളി പഞ്ചായത്തിലെ വെള്ളാരംകുന്ന് ആനക്കുഴി, ചക്കുപള്ളം പഞ്ചായത്തിലെ ഒട്ടകത്തലമേട് - മേനോൻമേട് - മങ്കവല, വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാളാർഡി- മേപ്പുരട്ട് എന്നീ റോഡുകളുടെ നിർമാണം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.