തൊടുപുഴ: ജില്ലയിലെ കാട്ടാന ശല്യം പരിഹരിക്കാൻ പ്രോജക്റ്റ് എലിഫന്റ് പദ്ധതിയിൽപെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിരുന്ന പ്രത്യേക പദ്ധതിക്ക് അംഗീകാരമായതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. 1.93 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
കാട്ടാന ശല്യം രൂക്ഷമായ ആനയിറങ്കൽ, ചിന്നക്കനാൽ, ശാന്തമ്പാറ, മൂന്നാർ മേഖലകളെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചുള്ളതാണ് സമഗ്ര പ്രതിരോധ പദ്ധതി. 1.93 കോടിയിൽ ആദ്യ ഗഡുവായി 29.03 ലക്ഷം സംസ്ഥാനത്തിന് കൈമാറി. പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാർ നൽകും. ഇത് പ്രകാരം 1.16 കോടി കേന്ദ്രം നൽകുമ്പോൾ 77.42 ലക്ഷം സംസ്ഥാന സർക്കാർ വഹിക്കണം.
ആദ്യ ഗഡുവായി സംസ്ഥാന സർക്കാർ 19.35 ലക്ഷം അനുവദിക്കും. ഇതോടെ 50 ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകും. ജില്ലയിൽ ആനശല്യമുള്ള മുഴുവൻ മേഖലകളിലും പദ്ധതിക്ക് രൂപംനൽകണമെന്ന മുൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കി നൽകിയ പ്രോജക്ട് റിപ്പോർട്ടാണ് കേന്ദ്രം അംഗീകരിച്ചത്. ജില്ലയൊന്നാകെ വന്യമൃശല്യത്തിൽ പൊറുതതിമുട്ടി നിൽക്കുമ്പോൾ ആശ്വാസ പദ്ധതിയായാണ് കേന്ദ്ര സഹായത്തെ കാണുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.