തൊടുപുഴ: മഴ എത്തിയതോടെ ആശുപത്രികളിലെത്തുന്ന പനി ബാധിതരുടെ എണ്ണം കൂടുന്നു. മിക്ക ആശുപത്രികളിലും ഒ.പിയിൽ എത്തുന്നവരിൽ വൈറൽ പനി ബാധിതരാണ് കൂടുതൽ. തിങ്കളാഴ്ച 478 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. രണ്ടാഴ്ചക്കിടെ 2676 പേരും ചികിത്സ തേടിയതായാണ് കണക്ക്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 69 കേസുകളും ഈ മാസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുട്ടികൾക്കിടയിലും പനി വ്യാപകമാകുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇതിലേറെ പേർ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്ക്. സ്വകാര്യ ക്ലിനിക്കുകളിൽ രാവിലെയും വൈകീട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളുടെ ക്ലിനിക്കുകളിൽ കൂടുതൽ പേരും എത്തുന്നത് പനിയും ചുമയും ബാധിച്ചാണ്. വിട്ടുമാറാത്ത ജലദോഷവും കഫക്കെട്ടും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. ശക്തമായ പേശിവേദനയും തലവേദനയും പനി ബാധിതർക്ക് ഉണ്ടാകുന്നുണ്ട്.
മഴക്കാല രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത സ്വീകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.എൽ. മനോജ്. തൊടുപുഴ, ഇളംദേശം,വണ്ണപ്പുറം ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതാണ്. വീടിന്റെ പരിസരങ്ങളിൽ കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കൊക്കോ തോട്ടങ്ങൾ, റബർ തോട്ടങ്ങൾ, പൈനാപ്പിൾ തോട്ടങ്ങൾ എന്നിവിടങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. എലിപ്പനി, മഞ്ഞപ്പിത്തം എന്നിവക്കെതിരെയും മുൻകരുതൽ സ്വീകരിക്കണം. പകർച്ചവ്യാധി പ്രതിരോധം ഊർജിതമായി നടക്കുന്നുണ്ട്. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെടുന്നവർ, ഓട, കനാൽ എന്നിവ വൃത്തിയാക്കുന്നവർ എലിപ്പനി പ്രതിരോധിക്കാൻ ഡോക്ടർ നിർദേശിക്കുന്ന അളവിൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണമെന്നും മെഡിക്കൽ ഓഫിസർ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.