representational image
നെടുങ്കണ്ടം: പ്രവർത്തനം ആരംഭിച്ച് ആറ് വർഷം പിന്നിട്ടിട്ടും നെടുങ്കണ്ടത്തെ അഗ്നിരക്ഷ സേന യൂനിറ്റ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ മുടന്തുന്നു. ഉടുമ്പൻചോല താലൂക്കിന് അനുവദിച്ച യൂനിറ്റ് പതിറ്റാണ്ടുകളായുള്ള നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് 2016 ഫെബ്രുവരിയിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പേരിന് മാത്രമായി ആരംഭിച്ചത്.
കിഴക്കേ കവല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപമാണ് യൂനിറ്റ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. കമ്യൂണിറ്റി ഹാൾ കെട്ടിടത്തിൽ സേനയുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യവും ഇതിനോട് ചേർന്ന ജില്ല പഞ്ചായത്ത് വക കെട്ടിടത്തിന്റെ മുകൾ നിലയിൽ ഓഫിസ് മുറികളുമാണ് ക്രമീകരിച്ചത്.
എതിർവശത്ത് സ്റ്റേഡിയത്തോട് ചേർന്ന് പഞ്ചായത്തിന് വിട്ടുകിട്ടിയ ക്വാർട്ടേഴ്സുകൾ ജീവനക്കാർക്ക് താമസിക്കാനും നൽകി. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിലവിലെ 84 സെന്റ് സ്ഥലത്ത് കെട്ടിടം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും വരെ ഈ താൽക്കാലിക സംവിധാനം ഉപയോഗിക്കാനായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ, ഇപ്പോഴും സ്ഥലം സംബന്ധിച്ച ഒരു ഫയലും നീങ്ങിയിട്ടില്ല.
24 ഫയർമാൻമാർ, നാല് ലീഡിങ് ഫയർമാൻമാർ, ആറ് ഡ്രൈവർമാർ, മെക്കാനിക്കൽ ഡ്രൈവർ, എൽ.ഡി ക്ലർക്ക്, സ്റ്റേഷൻ ഫീസർ എന്നിവർ ഉൾപ്പെടെ 39 ജീവനക്കാർ, രണ്ട് വലിയ വാഹനങ്ങൾ, ആംബുലൻസ്, ജീപ്പ് എന്നിവ ഉൾപ്പെടെ പൂർണതോതിലുള്ള യൂനിറ്റാണ് ആരംഭിക്കുന്നതെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ആരംഭിച്ചത് മിനി യൂനിറ്റാണ്. ഇവിടത്തെ ജീവനക്കാരിൽ പലരും മറ്റ് സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്യുകയാണ്. 24 ഫയർമാൻമാരെ അനുവദിക്കുമെന്ന് പറഞ്ഞിടത്ത് ആകെ അനുവദിച്ചത് എട്ട് പേരെ. ആറ് ഡ്രൈവർമാർക്ക് പകരം നാല് പേർ.
വെള്ളം ശേഖരിക്കാനുള്ള ടാങ്കും ഇവിടെയില്ല. ആകെ രണ്ട് വാഹനങ്ങൾക്കുള്ള താൽക്കാലിക ഗാരേജ് സൗകര്യമാണുള്ളത്. സേനക്ക് വേണ്ടി പഞ്ചായത്തു വിട്ടുനൽകിയ സ്ഥലത്ത് കെട്ടിടം നിർമിച്ചാൽ മാത്രമേ ആവശ്യത്തിന് ജീവനക്കാരെയും അവർക്ക് മതിയായ താമസ സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാകൂ. അഗ്നിരക്ഷ സേന ഓഫിസിന് മുൻവശത്തായി അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഏറെ വിനയാകുന്നു. കിഴക്കേ കവല മുതൽ കായിക സ്റ്റേഡിയത്തിന് മുൻവശം വരെയാണ് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. വേനലിൽ കാട്ടുതീ പതിവാണ്. എന്നാൽ, പ്രദേശങ്ങളിലേക്ക് എത്തുന്ന ചെറുവാഹനങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.