അതിർത്തി കടന്നെത്തുന്ന തൊഴിലാളി വാഹനങ്ങൾ
നെടുങ്കണ്ടം: വാഹന പരിശോധനകൾ ഒരു വശത്ത് കർശനമാകുമ്പോഴും ബെല്ലും ബ്രേക്കുമില്ലാതെ അതിർത്തി കടന്ന് തൊഴിലാളി വാഹനങ്ങൾ ചീറിപ്പായുന്നു. കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ തമിഴ്നാട് അതിർത്തി കടന്ന് തൊഴിലാളികളുമായെത്തുന്ന വാഹനങ്ങൾ നിരവധിയാണ്. ഹൈറേഞ്ചിൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പരിശോധനകൾ കർശനമാകുമ്പോഴും തമിഴ്നാട്ടിൽനിന്ന് ഫിറ്റ്നസും വേണ്ടത്ര രേഖകളുമില്ലാതെ തോട്ടം തൊഴിലാളികളുമായി നൂറുകണക്കിന് വാഹനങ്ങൾ അതിർത്തി കടന്നെത്തുന്നു.
ഹൈറേഞ്ചിന്റെ വിവിധയിടങ്ങളിൽ വാഹന പരിശോധനകളും അമിത പിഴയീടാക്കലിനെതിരെ ഡ്രൈവർമാരുടെ യൂനിയനുകളുടെയും പ്രതിഷേധവും ശക്തമാണ്. എന്നാൽ, തൊഴിലാളികളെ കുത്തിനിറച്ച് അതിർത്തി കടന്ന് എത്തുന്ന വാഹനങ്ങളിൽ വേണ്ടത്ര പരിശോധനയില്ല. ഇത്തരം വാഹനങ്ങൾ അപകടത്തിൽപെടുമ്പോൾ മാത്രമാണ് ഏതാനും ദിവസം പേരിന് പരിശോധന നടക്കുക.
രജിസ്ട്രേഷൻ രേഖകളിൽ അനുവദിച്ചതിന്റെ ഇരട്ടിയിൽ അധികം അളുകളെ കുത്തിനിറച്ചാണ് വാഹനങ്ങൾ അതിർത്തി കടന്നെത്തുന്നത്. കാലഹരണപ്പെട്ട വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. പലതിനും രജിസ്ട്രേഷൻ രേഖകളോ ഇൻഷുറൻസോ ഉണ്ടാകാറില്ല.
കമ്പംമെട്ട് ജങ്ങ്ഷനിൽ പരിശോധന നടന്നാൽ വാഹനങ്ങൾ നെടുങ്കണ്ടം റോഡിൽലേക്ക് തിരിഞ്ഞ് എട്ടേക്കർ കുരിശുപള്ളി ജങ്ഷൻ വഴി പോകും. ഹോസ്പിറ്റൽ ജങ്ഷനിൽ പരിശോധന നടന്നാൽ സെമിത്തേരി റോഡിലൂടെ എട്ടേക്കറിലെത്തി വിവിധ മേഖലകളിലേക്ക് തിരിഞ്ഞുപോകും. ഇതോടെ പരിശോധനയുടെ തുടക്കത്തിൽ എത്തുന്ന ഏതാനും വാഹനങ്ങൾ മാത്രമാണ് അധികൃതരുടെ കണ്ണിൽപെടുക. തൊഴിലാളികളുമായെത്തുന്ന വാഹനങ്ങൾ നിയമം പാലിക്കണമെങ്കിൽ പൊലീസും എക്സൈസ് , മോട്ടോർ വാഹന വകുപ്പും ചേർന്ന് കൂടുതൽ സേനയേ വിന്യസിച്ച് വിശദമായ പരിശോധനകൾ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.