നെടുങ്കണ്ടം: ഏഴ് മാസത്തെ ഇടവേളക്ക് ശേഷം പട്ടം കോളനി മേഖലയില്‍ വീണ്ടും ചന്ദന മോഷണം വ്യാപകമായി. സ്വകാര്യ വ്യക്തികളുടെ ആള്‍പാര്‍പ്പില്ലാത്ത പട്ടയ ഭൂമിയില്‍ നിന്നാണ് ചന്ദന മരം ഏറെയും മോഷണം പോയിരിക്കുന്നത്. ഒരാഴ്ചയായി മുണ്ടിയെരുമ ദേവഗിരി ഭാഗത്തെ നിരവധി സ്വകാര്യ പുരയിടത്തില്‍ ചന്ദന മരം മുറിച്ചിട്ടിട്ടുണ്ട്. കാതല്‍ കുറവായതിനാല്‍ കൊണ്ടു പോകാതെ ഉപേക്ഷിക്കുകയായിരുന്നു.
പൊലീസിലും വനം വകുപ്പിലും ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ആള് താമസമില്ലാത്ത പല പുരയിടങ്ങളിലും ചന്ദനം മുറിച്ചു കടത്തിയതായും, ഉപേക്ഷിച്ചിരിക്കുന്നതായും വനപാലകരും കണ്ടെത്തിയത്. ചെറിയ മരങ്ങളായിരുന്നതിനാല് ആരൂം കാര്യമായ ശ്രദ്ധ നല്‍കാറില്ല.
ആഴ്ചകള്‍ക്കു ശേഷമാണ് സമീപ വാസികള്‍ പോലും വിവരമറിയുന്നത്. ബുധനാഴ്ച രാത്രി ഏഴ് കിലോ ചന്ദന മുട്ടികളുമായി രണ്ടുപേരെ വനപാലകര്‍ പിടികൂടിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 45 കിലോ ചന്ദനവുമായി മുന്‍ പൊലീസ് കമാന്‍ഡൊ അടക്കം ആറ് പേരെ പിടി കൂടിയിരുന്നു. ഇതിൽ അഞ്ച് പേരെകൂടി ഇനിയും പിടികൂടാനുണ്ട്. സജീവമല്ലാതിരുന്ന ചന്ദ മോഷ്ടാക്കള്‍ വീണ്ടും രംഗത്തിറങ്ങിയതായാണ് സൂചന.
കര്‍ഷകര്‍ നട്ടു വളര്‍ത്തിയ ചെറുമരങ്ങളാണ് മോഷ്ടാക്കൾ മുറിച്ചു കടത്തുന്നത്. മരങ്ങള്‍ക്ക് ചെറിയ കാതല്‍ വരുന്ന സമയത്തുതന്നെ മുറിക്കുകയാണ്. എന്നാല്‍ നിയമ പ്രശ്നം ഓര്‍ത്ത് പലരും കേസിനും മറ്റും പോകാറില്ല. മാത്രമല്ല മുറിച്ചു മാറ്റിയ മരത്തിന്റെ കുറ്റികള്‍ ഉള്‍പ്പെടെ സ്ഥലത്തു നിന്നും നീക്കം ചെയ്യുന്നതിനോടൊപ്പം കുറ്റി മണ്ണിട്ടു മൂടുകയാണ്. ചിലര്‍ മോഷണ വിവരം ആരോടും പറയാറില്ല.
സാധാരണ മഴക്കാലത്താണ് മേഖലയിലേക്ക് മോഷ്ടാക്കള്‍ എത്താറുള്ളത്. മുമ്പും മുണ്ടിയെരുമയില്‍ നിന്നും നിരവധി ചന്ദനമരങ്ങള്‍ പല തവണ മോഷണം പോയിട്ടുണ്ട്. മുണ്ടിയെരുമ അസംപ്ഷന്് ഫൊറോന പള്ളിയുടെ സ്ഥലത്തുനിന്നും വില്ലേജ് ഓഫീസിന്റെ കോമ്പൗണ്ടില്‍ നിന്നും ചന്ദന മരങ്ങള്‍ മുമ്പ് മോഷണം പോയിട്ടുണ്ട്. മറയൂര്‍ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചന്ദന മരങ്ങള്‍ വളരുന്നത് പട്ടംകോളനി മേഖലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.