ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബിന്റെയും മള്‍ട്ടിമീഡിയ കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിക്കുന്നു

കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലാബും മള്‍ട്ടിമീഡിയ കോണ്‍ഫറന്‍സ് ഹാളും പ്രവർത്തനം ആരംഭിച്ചു

നെടുങ്കണ്ടം: ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലാബും മള്‍ട്ടിമീഡിയ കോണ്‍ഫറന്‍സ് ഹാളും  പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം എം.എം മണി എം.എല്‍.എ  നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററുകള്‍ക്ക് അനുവദിച്ച ലാപ്‌ടോപ്പുകളും എം.എല്‍.എ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.കെ സജികുമാര്‍ അധ്യക്ഷത വഹിച്ചു. അതിനൂതനമായ മൂന്ന് ലാബ് ഉപകരണങ്ങള്‍ ലഭ്യമാക്കിയതിലൂടെ ജില്ല, താലൂക്ക് ആശുപത്രികളിലും നഗര പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ലഭ്യമായിരുന്ന നിരവധി പരിശോധനകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ എല്ലാ സബ് സെന്ററുകളിലും ഇന്റര്‍നെറ്റ് സംവിധാനത്തോടെ ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കിയതിലൂടെ വിദൂര മേഖലയിലും ഡിജിറ്റല്‍ ഹെല്‍ത്ത്  സേവനങ്ങള്‍ ലഭ്യമാകും. ടെലിമെഡിസിന്‍, ഇ-ഹെല്‍ത്ത്, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും സബ് സെന്റുകളില്‍ കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ കഴിയും.

ജില്ലയിലെ തന്നെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നായി ഉടുമ്പന്‍ചോലയെ ഉയര്‍ത്തുന്നതിന് മുന്‍കൈയടുത്ത  എം.എം മണി എം.എല്‍.എയെ യോഗത്തില്‍ ആദരിച്ചു. യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനീറ്റ,  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രതീഷ് കെ.ജി,  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    
News Summary - Renovated lab and multimedia conference hall at Family Health Center begin operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.