പേത്തൊട്ടിയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് കല്ലുകളും മരങ്ങളും വന്നടിഞ്ഞ് കിടക്കുന്നു
നെടുങ്കണ്ടം\അടിമാലി: ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും വൻ കൃഷി നാശം. പലയിടത്തും വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിൽ മൂലം ഗതാഗത തടസ്സവും ഉണ്ടായി.
ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ 50 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. പേത്തൊട്ടി, ദളം, അയ്യന്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കച്ചിറയില്‍ മിനി ബെന്നി, ദളം സ്വദേശി ലിംഗേശ്വരന്, സ്വാമിരാജ് എന്നിവരുടെ വീടുകള്‍ക്ക് ഭാഗികമായി തകരാര്‍ സംഭവിച്ചു. ലിംഗരാജ്, നീലമേഘം, രാംദാസ്, പനീര്‍ എന്നിവരുടെ ഏലത്തോട്ടങ്ങൾ ഉരുള്‍പൊട്ടലിൽ നശിച്ചു. ശനിയാഴ്ച രാത്രിയും പ്രദേശത്ത് കനത്ത മഴയാണ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് മൂന്ന് മുതൽ ചെറിയതോതില്‍ മഴ തുടങ്ങിയിരുന്നു. പിന്നീട് മഴയുടെ ശക്തികൂടി ചെറിയ തോടുകളെല്ലാം കരകവിഞ്ഞൊഴുകി. രാത്രി 11വരെ മഴ തുടര്‍ന്നു. രാത്രി ഒമ്പതിന് മിനി ബെന്നിയുടെ വീട്ടിലേക്ക് ഉരുള്‍പൊട്ടി മലവെള്ളം ഒഴുകിയെത്തുകയായിരുന്നു. മിനിയും മക്കളായ അഭിജിത്ത്, അജിത്, മരുമകള്‍ സിന്‍ഷ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ ഓടിയെത്തി മിനിയെയും കുടുംബാംഗങ്ങളെയും സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി.
മിനിയുടെ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുറ്റത്ത് പാര്‍ക്ക് ചെയ്ത സ്കൂട്ടറും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഈ സമയം പേത്തൊട്ടിയില്‍നിന്ന് ദളം ഭാഗത്തേക്ക് പോകുന്ന വഴിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. ദളം സ്വദേശി ലിംഗേശ്വരന്റെ വീടിനു കേടുപാടുകള്‍ സംഭവിച്ചു. സ്വാമിരാജ് എന്നയാളുടെ വീടിനും തകരാർ സംഭവിച്ചിട്ടുണ്ട്. ചെട്ടിപ്പറമ്പില്‍ ബെന്നി, വനരാജ് എന്നിവരുടെ കൃഷിയിടങ്ങളും നശിച്ചു. അയ്യന്‍പാറക്ക് സമീപം ഉരുള്‍പൊട്ടി രാംദാസ് എന്നയാളുടെ വീട്ടിലേക്ക് മഴവെള്ളം ഇരച്ചെത്തി. രാംദാസും കുടുംബവും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. പേത്തൊട്ടി സ്വദേശികളായ മുത്തയ്യ-പാലീശ്വരി ദമ്പതികളുടെ വീടിന് കനത്ത നാശനഷ്ടം ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.