നെടുങ്കണ്ടം: ദീര്‍ഘനാളുകള്‍ക്ക് ശേഷം സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും മണ്ണെണ്ണ വിതരണം നടത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചെങ്കിലും വിതരണത്തിനുള്ള നടപടികളില്ല. റേഷന്‍ വ്യാപാരികള്‍ 70 ഉം 80 ഉം കിലോമീറ്റര്‍ ദൂരെയുള്ള ഡിപ്പോകളില്‍ പോയി മണ്ണെണ്ണ എടുത്ത് കടകളില്‍ എത്തിക്കുമ്പോള്‍ ലിറ്ററിന് അഞ്ച് രൂപയിലധികം ചെലവു വരുന്നു. എന്നാല്‍, വ്യാപാരികള്‍ക്ക് കമീഷൻ 2.20 രൂപയാണ്.
ലിറ്ററിന് 2.80 രൂപ നഷ്ടം വരുത്താന്‍ വ്യാപാരികള്‍ തയാറല്ല. ചെറിയ വാഹനങ്ങളില്‍ മണ്ണെണ്ണ എടുത്തുകൊണ്ടു വരുമ്പോള്‍ പല നൂലാമാലകള്‍ ഉണ്ട്. മിക്ക ജില്ലകളിലും ഒന്നോ രണ്ടോ മൊത്തവിതരണ ഏജന്‍സികള്‍ മാത്രമാണുള്ളത്. വളരെ വിസ്തൃമായ ഇടുക്കി ജില്ലയില്‍ തൊടുപുഴയിലും, മൂന്നാറിലും മാത്രമാണ് ഏജന്‍സികളുള്ളത്. കാലങ്ങളായി മണ്ണെണ്ണ വിതരണം നിലച്ചിരുന്നതിനാല്‍ ഭൂരിപക്ഷം മണ്ണെണ്ണ മൊത്ത വിതരണ ഏജന്‍സികളും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.കൂടാതെ ദീര്‍ഘകാലമായി വിതരണം നിലച്ചിരുന്നതിനാല്‍ മണ്ണെണ്ണ കൊണ്ടു വന്നിരുന്ന ബാരലുകള്‍ മിക്കതും തുരുമ്പെടുത്ത് നശിച്ചു തുടങ്ങി. ഇനി പുതിയത് വാങ്ങണം. അതിനുള്ള പണവും കണ്ടെത്തേണ്ടിയിരിക്കുന്നു.
മണ്ണെണ്ണ വിതരണത്തിലൂടെ എണ്ണ കമ്പനികള്‍, ടാങ്കര്‍ ലോറിയുടമകള്‍, മൊത്ത വിതരണ ഏജന്‍സികള്‍ എന്നിവർക്ക് ലാഭം കിട്ടുമ്പോള്‍ ഭീമമായ തുക മുടക്കി മണ്ണെണ്ണ ഏറ്റെടുത്ത് ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കുന്ന റേഷന്‍ വ്യാപാരികള്‍ക്ക് നിരന്തരം നഷ്ടം വരുന്നുവെന്നാണ് കട ഉടമകള്‍ പറയുന്നത്. നാഷണല്‍ ഹൈവേ, മലയോര ഹൈവേ തുടങ്ങിയ വന്‍കിട നിര്‍മാണങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മിനി ടാങ്കര്‍ ലോറികളില്‍ എത്തിച്ച് ഇന്ധനം നിറക്കുന്ന മാതൃകയില്‍ സപ്ലൈകോയുടെ നേതൃത്വത്തില്‍ മിനി ടാങ്കര്‍ ലോറികളില്‍ മണ്ണെണ്ണ റേഷന്‍ കടകളില്‍ എത്തിച്ചു നല്‍കണമെന്നാണ് കട ഉടമകളുടെ ആവശ്യം.
30 ഓളം ടാങ്കറുകളുണ്ടെങ്കില് കേരളത്തിലെ മുഴുവന്‍ റേഷന്‍ കടകളിലും മണ്ണെണ്ണ എത്തിക്കാനാകും. ഈ രീതിയിൽ മണ്ണെണ്ണ എത്തിച്ചുനൽകണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന മീഡിയ കണ്‍വീനര്‍ സോണി കൈതാരം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.