നെടുങ്കണ്ടം: രാമക്കല്‍മേട് ആമപ്പാറയില്‍ സുരക്ഷിതമായ ജീപ്പ് സവാരി ഉറപ്പാക്കാന്‍ ഓഫ് റോഡ് ഡ്രൈവർമാർക്ക് മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. ലീഗല്‍ സര്‍വിസ് അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, വിനോദ സഞ്ചാര വകുപ്പ്, ഡി.ടി.പി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന യോഗത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കേ ഏപ്രില്‍ ഒന്നുമുതല്‍ ആമപ്പാറയില്‍ ഓഫ് റോഡ് സവാരി അനുവദിക്കൂ. ആമപ്പാറയിലേക്കുള്ള പ്രവേശനം രാവിലെ ആറുമുതല്‍ വൈകീട്ട് 6.30 വരെയാണ്. രാവിലെ 8.30ന് മുമ്പുള്ള സവാരികള്‍ തലേദിവസം അറിയിക്കണം. അമിതവേഗം, മത്സരയോട്ടം, എന്നിവ പാടില്ല. ജീപ്പുകള്‍ തമ്മില്‍ രണ്ട് മീറ്ററിൽ കുറയാതെ അകലം പാലിക്കണം. ഓരോ ട്രിപ്പും രണ്ട് മണിക്കൂറില്‍ കുറയാന്‍ പാടില്ല. പൊതുജനങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ വാഹനം ഓടിക്കരുത്. ജനങ്ങളുടെ സ്വത്തിനും ജീവനും വളര്‍ത്തുമൃഗങ്ങളുടെ ജീവനും ഭീഷണി ഉണ്ടാകാതെ സവാരി നടത്തണം. ആമപ്പാറയിലെ രജിസ്റ്ററില്‍ ജീപ്പ് നമ്പര്‍, ഐ.ഡി കാര്‍ഡ് നമ്പര്‍, വാഹനം വരുന്നതും പോകുന്നതുമായ സമയം എന്നിവ രേഖപ്പെടുത്തണം. വാഹന സംബന്ധമായ എല്ലാ രേഖകളും യഥാസമയം പുതുക്കി സൂക്ഷിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ മദ്യപിച്ചോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ വാഹനം ഓടിക്കാന്‍ പാടില്ല. സഞ്ചാരികളെ കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും അതത് ഡ്രൈവര്‍മാരുടെ ഉത്തരവാദിത്തമാണ്. മേല്‍നിര്‍ദേശങ്ങള്‍ക്ക് വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.