നെടുങ്കണ്ടം: ഇടതുമുന്നണി ഭരിക്കുന്ന കൂട്ടാര്‍ സഹകരണ ബാങ്കില്‍ അനധികൃത നിയമനമെന്ന് ആരോപിച്ച് സി.പി.ഐ ബോര്‍ഡ് അംഗവും സി.പി.ഐ പ്രാദേശിക ഘടകത്തില്‍നിന്ന് മൂന്നുപേരും രാജിവെച്ചു.
ബോർഡ് അംഗം മധുവാണ് രാജി നൽകിയത്. ബാങ്കിലെ നിയമനങ്ങളില്‍ സി.പി.ഐ നേതാക്കള്‍ ഇടപെട്ട് പണംവാങ്ങി അനര്‍ഹര്‍ക്ക് ജോലിനല്‍കാന്‍ ഒത്താശ ചെയ്തുവെന്നാരോപിച്ചാണ് സി.പി.ഐ പ്രാദേശിക നേതാവ് ബാങ്കിലെ ബോര്‍ഡ് അംഗത്വം രാജിവെച്ചത്.
പരീക്ഷ നടക്കുന്നതിന് മുമ്പേ സി.പി.ഐയിലെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ രണ്ട് ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നല്‍കാമെന്ന് കരാര്‍ ഉറപ്പിക്കുകയും ലക്ഷങ്ങൾ കൈപ്പറ്റിയെന്ന ആക്ഷേപവും ഉന്നയിച്ചാണ് ബോര്‍ഡ് അംഗവും ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് മൂന്നുപേരും രാജിവെച്ചത്.
പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് സി.പി.ഐയുടെ വിഹിതമായ രണ്ട് നിയമനങ്ങളില്‍ പരീക്ഷ എഴുതുന്നതിന് മുമ്പേ നിയമനം ഉറപ്പിച്ചെന്നാണ് സി.പി.ഐയിലെ തന്നെ നേതാക്കള്‍ ആരോപിക്കുന്നത്. ആറ് നിയമനങ്ങളിലേക്കാണ് മാര്‍ച്ച് 26ന് പരീക്ഷ നടന്നത്.
ബാങ്കില്‍ സി.പി.ഐക്കാണ് രണ്ട് നിയമനങ്ങള്‍. ബാക്കി നാല് നിയമനങ്ങള്‍ സി.പി.എമ്മിനാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി, ജില്ല സെക്രട്ടറി, സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍, വിജിലന്‍സ് വിഭാഗത്തിനും പരാതി അയച്ചു. ഉദ്യോഗാര്‍ഥികളും പരാതിനല്‍കിയതായാണ് സൂചന. ഇതോടെ സി.പി.ഐ പ്രാദേശിക നേതൃത്വത്തില്‍ ഭിന്നത രൂക്ഷമായി. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമെന്നാണ് സി.പി.ഐയുടെ വാദം.
സംഭവത്തില്‍ സി.പി.എമ്മും അസംതൃപ്തിയിലാണ്. രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരീക്ഷയില്‍ മികച്ച മാര്‍ക്കുള്ളവര്‍ക്കാണ് നിയമനം നല്‍കുന്നതെന്നും ബാങ്ക് പ്രസിഡന്‍റ് കെ.ഡി. ജയിംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.