മുട്ടം റൈഫിൾ ക്ലബിന്റെ തറക്കല്ലിടൽ പ്രഫ. സണ്ണി തോമസും ഫ്രാൻസിസ് ജോർജ് എം.പിയും ചേർന്ന് നിർവഹിക്കുന്നു (ഫയൽ ചിത്രം)
മുട്ടം: ഇടുക്കി മുട്ടം റൈഫിൾ ക്ലബിനെ രാജ്യാന്തരതലത്തിൽ പരിചയപ്പെടുത്തിയ വ്യക്തിത്വമാണ് ബുധനാഴ്ച വിടപറഞ്ഞ ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ്. റൈഫിൾ ക്ലബ് സ്ഥാപിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ആജീവനാന്ത മെംബറുമായിരുന്നു. ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ മുട്ടം ക്ലബിലേക്ക് എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. 2005 ൽ പ്രീ നാഷണൽ ചാമ്പ്യൻഷിപ്പും 2009ൽ നാഷനൽ ചാമ്പ്യൻഷിപ്പും മുട്ടം റൈഫിൾ ക്ലബിൽ നടത്തിയത് സണ്ണി തോമസിന്റെ നേതൃത്വത്തിലായിരുന്നു.
മുട്ടം റൈഫിൾ ക്ലബ് സ്ഥാപിതമാകുമ്പോൾ കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ (കെ.എസ്.ആർ.എ) സംസ്ഥാന സെക്രട്ടറിയായിരുന്നു സണ്ണി തോമസ്. 2008ൽ ബെയ്ജിങ് ഒളിംപിക്സിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയെ ആ വർഷം ഡിസംബറിൽതന്നെ മുട്ടത്ത് എത്തിച്ചു.
2003 കാലഘട്ടത്തിൽ റൈഫിൾ ക്ലബിന്റെ തറക്കല്ലിട്ട് പ്രവർത്തനം ആരംഭിച്ചത് മുതൽ സജീവസാന്നിധ്യമായി മുട്ടത്ത് എത്തുമായിരുന്നുവെന്ന് മുട്ടം റൈഫിൾ ക്ലബ് സെക്രട്ടറി പ്രിൻസ് മാത്യു ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ടുമാസം മുമ്പാണ് അവസാനമായി മുട്ടം റൈഫിൾ ക്ലബിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.