പുതുവത്സരത്തലേന്ന് മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലുണ്ടായ തിരക്ക്
തൊടുപുഴ: പുത്തൻ പ്രതീക്ഷയുമായി പുതുവർഷത്തെ ആവേശത്തോടെ വരവേറ്റ് ഇടുക്കി. ആടിയും പാടിയും പടക്കം പൊട്ടിച്ചും ആശംസകൾ നേർന്നും മലയോര ജനത പുതുവർഷത്തെ ഹൃദയത്തോട് ചേർത്ത് വരവേറ്റു.
2024 പിറന്നപ്പോൾ എങ്ങും ആഹ്ലാദാരവങ്ങൾ ഉയർന്നു. ക്ലബുകളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റും നേതൃത്വത്തിൽ ആഘോഷ പരിപാടികളും നടന്നു. വിദേശികളും സ്വദേശികളുമായ നൂറുകണക്കിനാളുകൾ ജില്ലയിലെ ആഘോഷങ്ങളിൽ പങ്കുചേർന്നത്.
ഞായറാഴ്ച വൈകീട്ടോടെ വിവിധ സ്ഥലങ്ങളിലും ഹോട്ടലുകളിലും ആഘോഷപരിപാടികൾ തുടങ്ങി. സംഗീതനിശ ഉൾപ്പെടെ കലാപരിപാടികളും അരങ്ങേറി. വൻകിട റിസോർട്ടുകളിലും പുതുവത്സരാഘോഷങ്ങൾ നടന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു.
ദൂരെ സ്ഥലങ്ങളിൽനിന്നുവരെ ഒട്ടേറെപ്പേർ പുതുവർഷം ആഘോഷിക്കാൻ ഇടുക്കിയിലേക്ക് എത്തിയിരുന്നു. ഇതുകണക്കിലെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയത്.
തിങ്കളാഴ്ച പുലർച്ചവരെ പ്രത്യേക നിരീക്ഷണവും പട്രോളിങ്ങും തുടർച്ചയായ വാഹനപരിശോധനയും ജില്ലയിൽ പൊലീസ് നടത്തി. മോട്ടോർ വാഹന വകുപ്പും രാത്രി വാഹന പരിശോധന കർശനമാക്കിയിരുന്നു. വ്യാജമദ്യ–ലഹരി മരുന്ന് കടത്തും വിൽപനയും തടയാൻ എക്സൈസും ജാഗ്രത പുലർത്തി.
തൊടുപുഴ: ക്രിസ്മസ്, പുതുവർഷം ആഘോഷമാക്കാൻ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത് രണ്ട് ലക്ഷത്തിന് മുകളിൽ സഞ്ചാരികൾ. ഡിസംബർ 23 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ സഞ്ചാരികളുടെ എണ്ണമാണിത്. കൂടുതൽ പേർ എത്തിയത് ക്രിസ്മസ് ദിനത്തിലാണ് -28,233. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയതാകട്ടെ വാഗമൺ കാണാനാണ്.
ക്രിസ്മസ്-പുതുവർഷവുമായി ബന്ധപ്പെട്ട് തുടർച്ചയായി കിട്ടിയ രണ്ട് അവധി ആഘോഷമാക്കാൻ സഞ്ചാരികൾ ഇടുക്കി തെരഞ്ഞെടുത്തതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും റിസോർട്ടുകളുമെല്ലാം സജീവമായി. വാഗമണ്ണും മൂന്നാറും തേക്കടിയും രാമക്കൽമേടുമടക്കമുള്ള കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ളവരും ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തി. മൂന്നാർ, വാഗമൺ, തേക്കടി എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോർട്ടുകളും മാത്രമാണ് ഒഴിവുണ്ടായിരുന്നത്.
അടിമാലി-മൂന്നാർ റോഡ്, കുമളി-തേക്കടി റോഡ്, കോട്ടയം-വാഗമൺ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഉണർവ് വ്യാപാരമടക്കമുള്ള അനുബന്ധ മേഖലകളെയും സജീവമാക്കി.
കുമളി: കോവിഡ് കാലത്തിനുശേഷം വിനോദസഞ്ചാര മേഖലയുടെ വൻ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച് തേക്കടി. പുതുവർഷം ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികളെക്കൊണ്ട് തേക്കടിയും കുമളിയും നിറഞ്ഞു.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ളവരും വടക്കേ ഇന്ത്യയിൽനിന്നുള്ളവരുമാണ് തേക്കടിയിലേക്ക് എത്തിയത്. ഇതിനു പുറമെ വിദേശികളും എത്തിയത് ഈ രംഗത്തെ നിക്ഷേപകർക്ക് ഇരട്ടി സന്തോഷത്തിന് വഴിയൊരുക്കി. തേക്കടിക്കു പുറമെ കുമളി ടൗണിലെയും പരിസരത്തെയും ഹോട്ടലുകൾ, ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവയെല്ലാം സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. തിരക്ക് ഈ മാസം പകുതിവരെ തുടരുമെന്നാണ് വിവരം.
പുതുവർഷത്തെ വരവേൽക്കാൻ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ വിപുലമായ സൗകര്യമാണ് ഒരുക്കിയത്. നാടൻ കലാരൂപങ്ങൾ, കഥകളി, നൃത്തം തുടങ്ങിയവയെല്ലാം സഞ്ചാരികൾ ആസ്വദിച്ചു. ഇതോടൊപ്പം ഭക്ഷണപ്രിയർക്കായി വിവിധതരം ഭക്ഷണങ്ങൾ ഒരുക്കി നൽകുന്നതിലും സ്ഥാപനങ്ങൾ മത്സരിച്ചതായി ഈ രംഗത്തുള്ളവർ പറയുന്നു.
തേക്കടി, കുമളി മേഖലയിലെ രാത്രിതണുപ്പും മഞ്ഞും പകലിലെ തെളിഞ്ഞ കാലാവസ്ഥയും സഞ്ചാരികളെ ആകർഷിച്ചു. തേക്കടി തടാകത്തിലൂടെയുള്ള ബോട്ട് സവാരിയും ആസ്വദിച്ചാണ് പുതുവർഷം ആഘോഷിക്കാനെത്തിയവരിൽ പലരും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.