ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ യുവതി ആത്മഹത്യ ചെയ്തു; 5 പേർ അറസ്റ്റിൽ

കുമളി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ, വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷൻ സംഘത്തെ  പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്ന് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു. തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.കമ്പം സ്വദേശി ഭുവനേശ്വരി (21)യാണ് ഭർത്താവ് ഗൗതത്തിനെ (24) കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ നവംബർ 10 നായിരുന്നു കേബിൾ ടിവി ജീവനക്കാരനായ ഗൗതവുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പൊലീസിൽ ജോലിയിൽ ചേരാൻ ഭുവനേശ്വരി പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം.വിവാഹത്തോടെ ജോലിയ്ക്ക് പോകാൻ കഴിയില്ലന്ന് വ്യക്തമായതോടെയാണ് വിവാഹം കഴിഞ്ഞ് 22-ാം നാൾ ഭർത്താവിനെ കൊലപ്പെടുത്താൻ ഭുവനേശ്വരി തീരുമാനിച്ചതെന്ന് പൊലീസ്​ പറഞ്ഞു.

ഇതിനായി മുമ്പേ പരിചയമുണ്ടായിരുന്ന തേനി, അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ഞ്ജൻ എന്ന ആൻറണിയെ സമീപിച്ചു.3 പവൻ്റെ നെക്ളസ് പണയം വെച്ച് ലഭിച്ച 75000 രൂപയും നൽകി.പദ്ധതി തയ്യാറാക്കി. ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ മാസം 2 ന് ഭർത്താവിനെയും കൂട്ടി സ്കൂട്ടറിൽ കുമളി, തേക്കടി സന്ദർശിച്ചു.തിരികെ പോകും വഴി കാഴ്ചകൾ കാണുന്നതിനായി ഇരുവരും സ്കൂട്ടർ റോഡരുകിൽ നിർത്തി അല്പം ദൂരം നടന്നു. തിരികെ സ്കൂട്ടറിനടുത്ത് എത്തിയപ്പോൾ ടയർ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിൻ്റെ നടത്തം.

മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറിൽ എത്തിയ ക്വട്ടേഷൻ സംഘം സ്കൂട്ടറിൽ ഇടിച്ചെങ്കിലും ഗൗതത്തിനെ കൊലപ്പെടുത്താനായില്ല. വാഹനം നിർത്തി ഇറങ്ങിയ സംഘം ഗൗതത്തിനെ മർദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങൾ എത്തിയതോടെ ഗൗതമിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നു. ഇതിനു പിന്നാലെ ഗൗതം പരാതിയുമായി പോലീസിലെത്തി.കമ്പം പോലീസ് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ ആൻ്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാർ (20) ആൽബർട്ട് (28) ജയ സന്ധ്യ (18) എന്നിവർ പിടിയിലായി. ഇവർ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളിൽ ആത്മമഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പണയം വെച്ച സ്വർണ്ണം പോലീസ് കണ്ടെത്തി, ക്വട്ടേഷൻ സംഘത്തിലെ അംഗവും ഈ കേസിലെ പ്രതിയുമായ ജെറ്റ് ലി ക്കു വേണ്ടി പോലീസ് തിരിച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Woman commits suicide by quoting to kill husband: 5 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.