സത്രത്തിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മലമ്പണ്ടാര കുടുംബങ്ങൾ

മലമ്പണ്ടാര വിഭാഗക്കാരുടെ വോട്ട്: ചരിത്ര നിമിഷത്തിന് കാതോർത്ത് സത്രം

കുമളി: കാടിറങ്ങിയെത്തുന്ന മനുഷ്യരുടെ വോട്ട് ആദ്യമായി രേഖപ്പെടുത്തുന്ന ചരിത്ര നിമിഷത്തിനായി കാത്ത് സത്രത്തിലെ 186ാം നമ്പർ ബൂത്തും അധികൃതരും. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അധിവസിക്കുന്ന ആദിവാസി ഗോത്രവർഗ വിഭാഗമായ മലമ്പണ്ടാര വിഭാഗക്കാർ ഇതാദ്യമായി സമ്മതിദാനവകാശം വിനിയോഗിക്കുമെന്ന പ്രതീക്ഷയിലാണ് വനം-തെരഞ്ഞെടുപ്പ് അധികൃതരുള്ളത്. ഉൾക്കാടുകളിൽ അധിവസിച്ച് വനവിഭവങ്ങൾ ശേഖരിച്ച് വിൽപന നടത്തി ജീവിക്കുന്നവരാണ് മലമ്പണ്ടാര വിഭാഗങ്ങൾ.

വനമേഖലയിലെ വള്ളക്കടവ് സത്രം ഭാഗത്ത് 16 കുടുംബങ്ങൾ ഉള്ളതായാണ് കണക്ക്. ആകെ 62 കുടുംബാംഗങ്ങൾ. ഇവരിൽ പ്രായപൂർത്തിയായവർ 31പേരാണ് വോട്ടർ പട്ടികയിലുള്ളത്. നാടുമായും നാട്ടുകാരുമായും അധികം ബന്ധമില്ലാത്ത മലമ്പണ്ടാര കുടുംബാംഗങ്ങളെ സത്രത്തിന്​ സമീപം പുനരധിവസിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷ​െൻറ പ്രത്യേക നിർദേശപ്രകാരം ഇവിടത്തെ എസ്.സി പ്രമോട്ടറായ പി.ജി. പ്രേമ മുൻകൈയെടുത്താണ് ഇവരിലെ 31പേരെ വോട്ടർ പട്ടികയിൽ ചേർത്തത്. സത്രത്തിനു സമീപം ഇവരെ പുനരധിവസിപ്പിച്ചെങ്കിലും ഇവരിൽ ഏറെപ്പേരും കാടി​െൻറ പല ഭാഗങ്ങളിലാണ് ഇപ്പോഴും കഴിയുന്നത്. ഇവരെ പലപ്പോഴായി കണ്ടെത്തി ആധാർ കാർഡ് ഉൾ​െപ്പടെ രേഖകൾ തയാറാക്കി ഓഫിസിൽ സൂക്ഷിച്ചാണ് വോട്ടർപട്ടികയിൽ പേര് ചേർത്തത്.

സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങൾ മാത്രമാണ് ഇവർക്ക് സർക്കാറുമായുള്ള ബന്ധം. വോട്ടേഴ്സ് ലിസ്​റ്റിൽ പേര് ചേർക്കപ്പെട്ടവരിൽ ചിലരെങ്കിലും കന്നിവോട്ട് രേഖപ്പെടുത്താൻ വനംവകുപ്പി​െൻറ സത്രത്തിലുള്ള ഡോർമിറ്ററിയിൽ ഒരുക്കിയ പോളിങ്​ സ്​റ്റേഷനിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.