കുമളി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കെത്തിയ സഞ്ചാരികളും ശബരിമല തീർഥാടകരുടെ വാഹനങ്ങളും തിങ്ങിനിറഞ്ഞ് കുമളി ടൗൺ. കാൽനടപോലും ബുദ്ധിമുട്ടായിയിട്ടും കൃത്യമായ ഇടപെടൽ നടത്താനാകാതെ പൊലീസ് കാഴ്ചക്കാരായത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കുന്നു.
സെൻട്രൽ ജങ്ഷനിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമായ അമ്പലപ്പടിയിലെ ബസ് നിർത്തിയിടൽ അവസാനിപ്പിക്കാൻ പൊലീസ് തയാറാകാത്തതാണ്.
സ്റ്റാൻഡിൽനിന്ന് 100 മീറ്റർ മാത്രം അകലെ സ്വകാര്യ ബസുകൾ റോഡിനു നടുവിൽ യാത്രക്കാരെ കയറ്റാൻ ഏറെ നേരം നിർത്തിയിടുന്നത് ദേശീയ പാതയിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് പതിവാക്കുന്നു. ഇക്കാര്യം പലതവണ നാട്ടുകാർ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഒന്നാം മൈലിലും കട്ടപ്പന റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ തന്നെയാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.
ഇവിടെയും റോഡിനു നടുവിൽ ഏറെ നേരം നിർത്തിയിടുന്നത് മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനാകാതെ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
പൊലീസും സ്വകാര്യ ബസ് ഉടമകളുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് ടൗണിലെ ഗതാഗതക്കുരുക്കിന് വഴിയൊരുക്കും വിധം നടുറോഡിൽ ബസുകൾ നിർത്തിയിടുന്നതെന്ന് നാട്ടുകാർ പറയുന്നു. മിക്ക സ്വകാര്യ ബസുകളിലെയും ജീവനക്കാർ യൂണിഫോമില്ലാതെ വരുന്നതും പൊലീസ് കണ്ടില്ലന്ന് നടിക്കുന്നതും ഒത്തുകളിയുടെ ഭാഗമാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.