ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ഉ​ത്സ​വ​ത്തി​ന്​ പോ​കു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ

കാട്ടിനുള്ളിൽ ആദിവാസികളുടെ ഉത്സവകാലത്തിന് തുടക്കം

കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ആദിവാസികളുടെ ഉത്സവകാലത്തിന് തുടക്കം. രണ്ടുവർഷം നീണ്ട കോവിഡ് നിയന്ത്രണങ്ങൾക്കിടെ പരിമിതമാക്കപ്പെട്ട ഉത്സവത്തിനാണ് വീണ്ടും തുടക്കമാകുന്നത്.

വനമേഖലയിൽ ആനയും കടുവയും മറ്റ് വന്യജീവികളും അധിവസിക്കുന്ന പ്രദേശത്താണ് ഉത്സവം നടക്കുന്നത്. പല ഘട്ടങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ആദ്യഘട്ടമാണ് വ്യാഴാഴ്ച ആരംഭിക്കുന്നത്. തേക്കടി ബോട്ട്ലാൻഡിങ്ങിൽനിന്ന് ഉദ്ദേശം 25 കിലോമീറ്റർ അകലെ പെരിയാർ റേഞ്ചിലെ മുല്ലക്കുടി, സീനിയർ ഓട ഭാഗത്താണ് ആദ്യ സംഘത്തിന്‍റെ ഉത്സവം തുടങ്ങുന്നത്.

കുമളി ആദിവാസി കോളനിയിലെ മന്നാൻ സമുദായത്തിലെ 60ലധികം കുടുംബാംഗങ്ങളാണ് ഉത്സവത്തിൽ പങ്കെടുക്കാൻ ബുധനാഴ്ച ബോട്ടിൽ ഇവിടെ എത്തിച്ചേർന്നത്.രണ്ടുവർഷത്തിനുശേഷം കുടുംബാംഗങ്ങൾക്കൊപ്പം ഒരാഴ്ചക്കാലം കാട്ടിനുള്ളിൽ താമസിച്ച് ഉത്സവം നടത്താൻ വനം വകുപ്പ് അനുമതി നൽകിയതോടെ ഏറെ ആഹ്ലാദത്തോടെയാണ് ഓരോ കുടുംബവും ബോട്ടിൽ യാത്ര തിരിച്ചത്. കാട്ടിനുള്ളിൽ കാട്ട് കമ്പും പ്ലാസ്റ്റിക്കും ഉപയോഗിച്ച് താൽക്കാലിക ഷെഡ് നിർമിച്ച് ഇതിലാണ് ഒരാഴ്ചക്കാലം എല്ലാവരും താമസിക്കുക.

വനദേവതക്കായി പ്രത്യേക പൂജ, പൊങ്കൽ വഴിപാടുകൾ തുടങ്ങി വിവിധ പ്രാർഥനകൾ നടത്തും. ഒരാഴ്ച നീളുന്ന ഉത്സവം പൂർത്തിയാക്കി ആദ്യം സംഘം മടങ്ങിയശേഷം അടുത്ത മാസം 10ന് വനത്തിനുള്ളിലെ കൽവരിയാറ് ഭാഗത്ത് മറ്റുള്ളവർ പൊങ്കാല അർപ്പിച്ച് അടുത്തഘട്ട ഉത്സവം നടത്തും. ഒരാഴ്ച കുട്ടികളും കുടുംബാംഗങ്ങളുമായി കാട്ടിനുള്ളിൽ കഴിയുന്നതിനുള്ള ആഹാരസാധനങ്ങളുമായാണ് ഓരോ കുടുംബവും ബുധനാഴ്ച കാടുകയറിയത്.

Tags:    
News Summary - Tribal festival season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.