ര​ഘു​നാ​ഥ​ൻ, സുമ

ഇത് കരളുറപ്പുള്ളൊരു സൗഹൃദത്തിന്‍റെ കഥ

കുമളി: ക്ലാസ് മുറി വിട്ടിറങ്ങി നാല് പതിറ്റാണ്ടിനുശേഷം അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു. സഹപാഠിക്ക് കരൾ നൽകുക എന്ന മഹാദൗത്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. വിജയകരമായി പൂർത്തിയാക്കിയ ആ ദൗത്യത്തിനൊടുവിൽ കൂട്ടുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിന്‍റെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ് അവർ. ഒപ്പം സമാനതകളില്ലാത്ത മനുഷ്യസ്നേഹത്തിന് മാതൃകയായി ഒരു വീട്ടമ്മയും.

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹൈസ്‌കൂളിലെ 1983 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ് സഹപാഠിയുടെ കരളിന് കരുതലായി വീണ്ടും ഒത്തുചേർന്നത്. സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന വണ്ടിപ്പെരിയാർ സ്വദേശി രഘുനാഥന്‍ വിൽപന നികുതി അസി. കമീഷണറാണ്. ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകളുമായി മുന്നോട്ടുപോകുന്നതിനിടെ രഘുനാഥിന്‍റെ കരളിനെ രോഗം ബാധിച്ചു.

അസുഖം മൂർച്ഛിച്ചതോടെ ജീവിതത്തിനും മരണത്തിനുമിടയിലൂടെയാണ് അദ്ദേഹം ദിവസങ്ങൾ തള്ളിനീക്കിയത്. ഇതിനിടെ രഘുനാഥന്‍റെ അവസ്ഥ പഴയ സഹപാഠികളുടെ ചെവിയിലെത്തി. കരള്‍പോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന രഘുനാഥന് കരള്‍ പകുത്തുനല്‍കാന്‍ അവർ രംഗത്തിറങ്ങി. 54 അംഗ സംഘത്തിലെ അഞ്ചുപേർ കരൾ നൽകാൻ തയാറായി. ശാസ്ത്രീയ പരിശോധനകളുടെ ഫലവും നിയമപ്രശ്നങ്ങളും തടസ്സമായപ്പോൾ ഈ അഞ്ചുപേരുടെയും കരൾ രഘുനാഥന്‍റേതുമായി പൊരുത്തപ്പെടുന്നതായില്ല.

കൂട്ടുകാരനെ എങ്ങനെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നായി സഹപാഠികളുടെ ചിന്ത. അങ്ങനെയിരിക്കെ മറ്റൊരു സഹപാഠിയും വണ്ടിപ്പെരിയാർ ചന്ദ്രവനത്തെ തോട്ടം തൊഴിലാളിയുമായ സുരേഷ് കരൾ നൽകാൻ തയാറായി. എന്നാൽ, ഈ തീരുമാനത്തെ സ്നേഹപൂർവം തടഞ്ഞ ഭാര്യ സുമ പകരം തന്‍റെ കരൾ നൽകാൻ സന്നദ്ധത അറിയിച്ചു. ഭർത്താവിന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് സുമ പൂർണമനസ്സോടെ കരൾ നൽകാൻ തയാറായത്. സുമയും തോട്ടം തൊഴിലാളിയാണ്.

കഴിഞ്ഞ ഡിസംബര്‍ എട്ടിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇരുവരുടെയും ജീവന് കരുതലായി ഗ്രൂപ് അംഗങ്ങൾ മുഴുവൻ അന്നേ ദിവസം വ്രതം നോറ്റ് പ്രാർഥനകളിൽ മുഴുകി. ഇപ്പോൾ രഘുനാഥനും സുമയും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെയെത്തിയിരിക്കുന്നു.

Tags:    
News Summary - The story of a heartfelt friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.