വണ്ടിപ്പെരിയാർ പോബ്സ് എസ്റ്റേറ്റിൽ തൊഴിലാളികൾ നടത്തുന്ന സമരം
കുമളി: വണ്ടിപ്പെരിയാർ പോബ്സ് എസ്റ്റേറ്റിന്റെ വിവിധ ഡിവിഷനുകളിൽ മൂന്ന് മാസമായി ശമ്പളം മുടങ്ങിയതോടെ ഐക്യട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരമാരംഭിച്ചു. അധ്യായന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കുട്ടികളെ സ്കൂളിൽ അയക്കാൻപോലും നിവൃത്തിയില്ലാത്ത സാഹചര്യമാണ് ശമ്പളം മുടങ്ങിയതോടെ ഉണ്ടായതെന്ന് തൊഴിലാളികൾ പറയുന്നു.
പോബ്സ് എസ്റ്റേറ്റ് വക വണ്ടിപ്പെരിയാറിലെ വിവിധ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികളാണ് സമരരംഗത്തുള്ളത്. ദൈനംദിന ചെലവിനായി ആഴ്ചതോറും നൽകുന്ന ചെലവുകാശ് ലഭിച്ചിട്ട് 11 ആഴ്ച പിന്നിട്ടതോടെ നിത്യച്ചെലവുകൾ തന്നെ കഷ്ടത്തിലായതായി തൊഴിലാളികൾ പറഞ്ഞു. പോബ്സ് എസ്റ്റേറ്റ് വക ഗ്രാമ്പി തേയില ഫാക്ടറി പടിക്കൽ നടന്ന പണിമുടക്ക് സമരം സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.ആർ. സോമൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി പീരുമേട് റീജനൽ പ്രസിഡന്റ് കെ.എ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
എച്ച്.ആർ.പി.ഇ യൂനിയൻ ബ്രാഞ്ച് പ്രസിഡന്റ് എസ്. ഗണേശൻ, പി.ടി.ടി യൂനിയൻ സെക്രട്ടറി ചന്ദ്രൻ ജി. പൊന്നമ്മ, മുത്തുശെൽവി, പ്രേംകുമാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.പോബ്സ് എസ്റ്റേറ്റ് ഡിവിഷനുകളായ നെല്ലിമല, പശുമല, മഞ്ചുമല ഫാക്ടറി, മഞ്ചുമല ലോവർഡിവിഷൻ എന്നിവിടങ്ങളിൽ നടന്ന പണിമുടക്ക് സമരത്തിൽ വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.