കുമളി: ഓണക്കാലത്തെ വർധിച്ച ആവശ്യങ്ങൾക്കിടെ അയൽ സംസ്ഥാനങ്ങളിൽനിന്ന് മായം ചേർത്ത പാൽ വരുന്നത് തടയാൻ സംസ്ഥാന അതിർത്തിയായ കുമളിയിൽ പരിശോധന ആരംഭിച്ചു. 28 വരെയാണ് 24 മണിക്കൂറുമുള്ള പരിശോധന.
തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്ക് കുമളി ചെക്ക്പോസ്റ്റ് വഴി പാൽ കൂടുതലായും എത്തുന്നത്. ഇങ്ങനെ എത്തുന്ന പാൽ കുമളിയിലെ താൽക്കാലിക ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി മാത്രമായിരിക്കും സംസ്ഥാനത്തിനുള്ളിലേക്ക് അയക്കുകയെന്ന് അധികൃതർ പറഞ്ഞു. ഇതിനായി താൽക്കാലിക ലാബും തുടങ്ങി. പരിശോധന സാമ്പിളുകളുടെ ഗുണനിലവാരം സംബന്ധിച്ച റിപ്പോർട്ടുകൾ ദിവസവും വൈകീട്ട് സർക്കാറിലേക്ക് അയക്കും. ശരീരത്തിന് ഹാനികരമായ ഫോർമാലിൻ ഉൾപ്പെടെ രാസവസ്തുക്കൾ പാലിൽ ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനയാണ് പ്രധാനമായും ലാബിൽ നടത്തുന്നത്. അതിർത്തി കടന്നെത്തുന്ന പച്ചക്കറി, മത്സ്യം, മാംസം ഉൾപ്പെടെയുള്ള ആഹാര സാധനങ്ങളുടെ പരിശോധനയും നടത്തുന്നുണ്ട്. ക്ഷീര വികസന വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായാണ് കുമളി ചെക്ക്പോസ്റ്റിൽ പരിശോധന നടത്തുന്നത്. പരിശോധനകൾക്ക് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ഡോളസ്, ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ സ്നേഹ വിജയൻ, ഉദ്യോഗസ്ഥരായ പി.എഫ്. സിമിമോൾ, ഫൗസിയ കെ. യൂസഫ്, സുനിൽ കുമാർ, നെൽസൺ തോമസ് എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.