കുമളി ഹൈസ്കൂൾ ഗ്രൗണ്ടിൽ യാസീന്റെ മൃതദേഹം പൊതുദർശനത്തിന്
വെച്ചപ്പോൾ. ഇൻസൈറ്റിൽ യാസീൻ
കുമളി: നിരവധി കുടുംബങ്ങളിലെ യുവാക്കളെ ജീവിതത്തിന്റെ ചവിട്ടുപടിയിലേക്ക് എത്തിച്ച്, ജില്ലയിലെ കായിക മേഖലക്ക് നിസ്തുല സംഭാവനകൾ നൽകിയ കെ.ജെ. യാസീന്റെ (47) വേർപാട് നാടിന്റെ നൊമ്പരമായി. വ്യാഴാഴ്ച രാത്രിയും കുമളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ട്രാക്ക് വരക്കുന്നതിൽ സജീവമായിരുന്ന യാസീൻ, വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. വരച്ചു തീർത്ത ട്രാക്കിന് നടുവിൽ ജീവനറ്റ് കിടന്ന യാസീനെ കാണാൻ നാടാകെ ഒഴുകി ഹൈസ്കൂൾ ഗ്രൗണ്ടിലെത്തി.
വെള്ളിയാഴ്ച നടക്കാനിരുന്ന ഉപജില്ല കായിക മേളക്കുള്ള ട്രാക്കാണ് യാസീനും കൂട്ടരും വ്യാഴാഴ്ച രാത്രി പൂർത്തിയാക്കി പിരിഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് യാസീൻ വിട പറഞ്ഞതോടെ മത്സരങ്ങൾ മാറ്റിവെച്ചു. ഫുട്ബാൾ അസോസിയേഷന്റെ ജില്ല വൈസ് പ്രസിഡന്റ് കൂടിയാണ് യാസീൻ.
1995 ൽ ഓട്ടമത്സരത്തിൽ സംസ്ഥാന തലത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ടായിരുന്നു യാസീന്റെ തുടക്കം. ഫുട്ബാൾ കളിയിൽ പ്രാവീണ്യം നേടിയശേഷം ഈ രംഗത്ത് പരിശീലകനായി വളരുന്നതാണ് കായിക മേഖല കണ്ടത്. 1999 മുതൽ രണ്ട് പതിറ്റാണ്ടിനിടെ നൂറുകണക്കിന് കുട്ടികൾക്കും യുവാക്കൾക്കും പരിശീലനം നൽകി. ഇവരിൽ പലരും കടൽ കടന്ന് വിവിധ രാജ്യങ്ങളിൽ പോയി അണ്ടർ 17 വിഭാഗത്തിൽ മത്സരിച്ചു.
വെറുമൊരു ഫുട്ബോൾ പരിശീലകൻ എന്നതിലുപരി പല കുടുംബങ്ങളിലെ യുവാക്കൾക്കും വഴികാട്ടികൂടിയാവുകയായിരുന്നു യാസീൻ. ഇത്തരത്തിൽ ജോലി നേടിയ 300 ലധികം പേരാണ് യാസീന്റെ ശിഷ്യഗണത്തിലുള്ളത്. മക്കളെയും ഫുട്ബാളിന്റെ മാന്ത്രികത പഠിപ്പിച്ചതോടെ ഇവരും മികച്ച കളിക്കാരായി മാറി. മകൻ അബു താഹിർ ഫുട്ബാൾ കോച്ചായപ്പോൾ മറ്റൊരു മകൻ കളിയുടെ മികവിലൂടെ സൈന്യത്തിലെത്തി. കൊച്ചിയിൽ റിലയൻസ് സംഘടിപ്പിച്ച യൂത്ത് സ്പോട്സിൽ അണ്ടർ 14 ൽ ഗോൾഡൻ ബൂട്ടണിഞ്ഞ് മകൾ ആലിയ എത്തിയതിന്റെ വീഡിയോയും സന്തോഷവും ഫുട്ബാൾ അസോസിയേഷന്റെ ഗ്രൂപ്പിൽ വ്യാഴാഴ്ച രാത്രി 11 മണിക്ക് പോസ്റ്റ് ചെയ്ത് ഉറക്കത്തിലേക്ക് കണ്ണടച്ച യാസീൻ, ഇനിയൊരിക്കലും മടങ്ങിവരവില്ലാത്ത ലോകത്തേക്ക് യാത്രയാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.