മുല്ലപ്പെരിയാർ 142 അടി: കേരളം ഭീതിയിലും ദുരിതത്തിലും, തമിഴ്നാട്ടിൽ ആഘോഷം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതോടെ അണക്കെട്ടിൻറെ സമീപ പ്രദേശമായ ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി നാട്ടുകാർ ദുരിതത്തിലായി. ജലനിരപ്പ് കുറക്കാൻ ഇടുക്കിയിലേക്ക് ജലം തുറന്നു വിട്ടതോടെ വണ്ടിപ്പെരിയാർ, വള്ളക്കടവ് പ്രദേശത്താണ് വീടുകളിൽ വെള്ളം കയറിയത്. മുന്നറിയിപ്പില്ലാതെയാണ് ജലം തുറന്നു വിട്ടതെന്നും പതിവായുള്ള ജില്ല അധികൃതരുടെ മുന്നറിയിപ്പ് സംവിധാനങ്ങൾ ചൊവ്വാഴ്ച ഇല്ലായിരുനെന്നും നാട്ടുകാർ വ്യക്തമാക്കി.

രാവിലെ വീടിനുള്ളിലേക്ക് വെള്ളം കയറിയ ശേഷമാണ് ജാഗ്രത മുന്നറിയിപ്പ് വാഹനം എത്തിയത്. കുട്ടികൾ സ്കൂളിൽ പോയ ശേഷം പല ഭാഗത്തും വീടുകളിൽ വെള്ളം കയറിയതോടെ രക്ഷിതാക്കൾക്ക് പുറത്തിറങ്ങാൻ കഴിയാതായി. ആർത്തലച്ച് വരുന്ന ജലം വീടിനുള്ളിലും കൃഷിയിടങ്ങളിലും കയറിയതോടെ വികാസ് നഗർ ഉൾപ്പടെ ജനവാസ മേഖലയിലെ നാട്ടുകാർ വലിയ ഭീതിയിലായി. നാട്ടുകാരുടെ ഭീതി അകറ്റാൻ ജില്ല ഭരണകൂടത്തിന് കഴിയാതിരുന്നത് പ്രതിഷേധത്തിനും വഴിവെച്ചു.

അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതും തുറന്നുവിട്ടതും കേരളത്തിൽ ഭീതിയും ദുരിതവും വിതച്ചപ്പോൾ ജലനിരപ്പ് 142 അടിയിലെത്തിയതിൻെറ ആഘോഷത്തിലായിരുന്നു തമിഴ്നാട്. അതിർത്തിയിലെ തേനി ജില്ലയിലുള്ള ഡിഎം.കെ പ്രവർത്തകർ കമ്പം എം എൽ എ.രാമകൃഷണൻ, ആണ്ടിപ്പെട്ടി എംഎൽഎ. മഹാരാജൻ എന്നിവരുടെ നേതൃത്വത്തിൽ അനുയായികൾക്കൊപ്പം എത്തി ലോവർ ക്യാമ്പിലുള്ള മുല്ലപ്പെരിയാർ ശില്പിയുടെ സ്മാരകത്തിൽ ഹാരാർപ്പണം നടത്തി.

സുപ്രീം കോടതിയിലെ പോരാട്ടം തുടരുമെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നും പിന്നീട് നടന്ന യോഗത്തിൽ രാമകൃഷണൻ വ്യക്തമാക്കി. മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയിലെത്തിയപ്പോൾ മന്ത്രിമാർ സന്ദർശിക്കുകയും ജലനിരപ്പ് നിയന്ത്രിക്കണമെന്ന് കേരളം കത്തെഴുതുകയും ചെയ്തെങ്കിലും ഇപ്പോൾ ജലനിരപ്പ് 142 അടിയായപ്പോൾ കേരളം കാഴ്ചക്കാർ മാത്രമായി മാറിയെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - Mullaperiyar 142 feet: Kerala in fear and misery, celebration in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.