കൃഷിയിടത്തിൽ കേഴമാന്റെ ജഡം പരിശോധിക്കുന്ന ഫ്ലൈ യിങ് സ്ക്വാഡ് അധികൃതർ
കുമളി: കൃഷിയിടത്തിൽ കേഴമാന്റെ ജഡം കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാതിരുന്ന കുമളി ഫോറസ്റ്റ് റേഞ്ച് അധികൃതർക്കെതിരെ അന്വേഷണം തുടങ്ങി. കുമളി രണ്ടാം മൈലിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ജഡം കണ്ടെത്തിയത്. ഇക്കാര്യം സ്ഥലം ഉടമ കുമളി റേഞ്ച് അധികൃതരെ അറിയിച്ചെങ്കിലും കുഴിച്ചുമൂടാനായിരുന്നു നിർദേശം. വനമേഖലയിൽനിന്ന് എത്തിയ കേഴമാന്റെ കഴുത്തിലുണ്ടായിരുന്ന മുറിവ് വേട്ടക്കാരുടെ കുരുക്ക് മൂലമാണെന്ന സംശയത്തെ തുടർന്ന് നടപടി ആവശ്യപ്പെട്ടാണ് സ്ഥലംഉടമ വനപാലകരെ വിളിച്ചത്.
എന്നാൽ, വനപാലകർ കൈയൊഴിഞ്ഞതോടെ കേഴയുടെ ജഡം കൃഷിയിടത്തിൽ കിടന്ന് ദുർഗന്ധം വമിക്കുന്ന നിലയിലായി. വനപാലകരുടെ അനാസ്ഥ ‘മാധ്യമം’ പുറത്തുവിട്ടതോടെ ഇടുക്കി ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ എം.ജി. വിനോദ് കുമാർ തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടു. ഡി.എഫ്.ഒയുടെ നിർദേശപ്രകാരം ഫ്ലൈയിങ് സ്ക്വാഡ് ഇടുക്കി റേഞ്ച് ഓഫിസർ റോയി വി. രാജൻ, വനപാലകരായ സജി തോമസ്, ഷിനോജ് മോൻ, ഗോകുൽ എന്നിവർ ശനിയാഴ്ച സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
കേഴയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി പെരിയാർ കടുവ സങ്കേതത്തിലെ വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചു. പ്രശ്നത്തിൽ കുമളി റേഞ്ച് അധികൃതർ കാട്ടിയ അനാസ്ഥ സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകുമെന്ന് ഡി.എഫ്.ഒ ‘മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.