Representational Image
കുമളി: കടുവ സങ്കേതത്തിൽനിന്ന് നാട്ടിലിറങ്ങുന്ന കാട്ടാനകളുടെ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ. തേനി ജില്ലയിലെ ചുരുളിപ്പെട്ടി ഗ്രാമത്തിലാണ് സംഭവം.
പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന മേഘമല കടുവ സങ്കേതത്തിൽനിന്നാണ് കാട്ടാനകൾ ഇറങ്ങുന്നത്.
രാത്രി എത്തുന്ന ആനക്കൂട്ടം കൃഷിയിടങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് നാട്ടുകാർ താമസിക്കുന്ന വീടുകൾക്കും ഗ്രാമത്തിലുമെത്തി നിലയുറപ്പിക്കുന്നു.
വനമേഖലയിലെ ഇരവങ്കലാർ അണക്കെട്ടിൽനിന്ന് താഴേക്ക് പതിക്കുന്ന ജലം ഉപയോഗിച്ച് 35 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ചുരുളി വൈദ്യുതി നിലയവും ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സും ഈ ഭാഗത്താണ്.
ഇത് കൂടാതെ 70ലധികം കുടുംബങ്ങളും നൂറുകണക്കിന് ഏക്കർ കൃഷിയിടവും ഉൾക്കൊള്ളുന്നതാണ് ചുരുളിപ്പെട്ടി ഗ്രാമം. 1974ൽ പ്രവർത്തനം തുടങ്ങിയ പ്രൈമറി സ്കൂളും ഗ്രാമത്തിലുണ്ട്. രാത്രി ഗ്രാമത്തിലെത്തുന്ന ആനക്കൂട്ടം ഗ്രാമീണർ താമസിക്കുന്ന സ്ഥലം, സ്കൂൾ പരിസരം എന്നിവിടങ്ങളിലെല്ലാം നേരം പുലരുംവരെ ചുറ്റിത്തിരിയും.
ആനകൾക്കൊപ്പം മ്ലാവ്, കേഴ, പന്നി, കാട്ടുപോത്തുകൾ എന്നിവയും ഗ്രാമത്തിലെത്തുന്നത് പതിവാണ്.
വാഴ, മുന്തിരി, മാവ് എന്നിവയുടെ കൃഷിയിടങ്ങളിലൂടെ കയറിയിറങ്ങി തീറ്റതേടി പലജീവികളും പകലും കാട്ടിലേക്ക് തിരികെ പോകാതെ പ്രദേശത്ത് ചുറ്റി തിരിയുന്നതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്.
കൃഷിനാശത്തിനൊപ്പം പകൽപോലും വീടുകളിൽനിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിവന്നത് നാട്ടുകാരെ ദുരിതത്തിലാക്കി.
വനമേഖലയോട് ചേർന്ന് ആഴത്തിൽ കിടങ്ങുകൾ നിർമിച്ച് വന്യജീവികൾ നാട്ടിൽ പ്രവേശിക്കുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.