കുമളി: കാടിറങ്ങിയെത്തിയ മ്ലാവ് തേയിലത്തോട്ടത്തിനു സമീപം ചത്തുകിടന്നത് മറവുചെയ്ത ശേഷം നിലച്ച അന്വേഷണം മൃഗവേട്ടക്കാരിലേക്ക് എത്തിയത് ‘മാധ്യമം’ വാർത്തയെത്തുടർന്ന്.
ഗർഭിണിയായ മ്ലാവ് വെടിയേറ്റ് ചത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും വേട്ടക്കാരെ കണ്ടെത്താതെ അന്വേഷണം ഇഴയുന്നതിനിടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വാർത്തയെത്തുടർന്ന് കോട്ടയം ഡി.എഫ്.ഒ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും പ്രതികളെ പിടികൂടാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കുകയും ചെയ്തു.
ഇവരുടെ നേതൃത്വത്തിൽ പെരിയാർ കടുവ സങ്കേതത്തോടു ചേർന്നുള്ള കൃഷിയിടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിവിടങ്ങളിൽ വ്യാപക തിരച്ചിൽ നടന്നു. തിരച്ചിലിൽ വനപാലകരെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് മിക്ക സ്ഥലത്തുനിന്നും ലഭിച്ചത്.
മിക്ക കൃഷിയിടങ്ങളിലും മ്ലാവ്, കേഴ എന്നിവയെ പിടികൂടാൻ കുരുക്കൾ കണ്ടെത്തിയതിനു പുറമെ പന്നികളെ പിടികൂടാൻ തോട്ടങ്ങളിൽ കുഴികുത്തി കെണിയൊരുക്കിയതും കണ്ടെത്തിയിരുന്നു. ഇതോടെ, ജാഗരൂകരായ വനപാലകരുടെ സംഘം നിരീക്ഷണം ശക്തമാക്കിയതോടെയാണ് വേട്ടയാടിയ മൃഗത്തിന്റെ ഇറച്ചിയോടെ നാൽവർ സംഘത്തെ പിടികൂടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.