പീരുമേട്: പരുന്തുംപാറയിലെ കൈയേറ്റ മേഖലകളിൽ സർവേ ഡെപ്യൂട്ടി ഡയറകർ വി. പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷണവും പരിശോധനയും രണ്ടാം ദിവസവും തുടർന്നു. മഞ്ചുമല, പീരുമേട് വില്ലേജുകളുടെ പരിധിയിലെ സർവേ നമ്പറുകളിലാണ് പരിശോധന തുടരുന്നത്. ഡിജിറ്റൽ സർവേ നടന്നുവരുന്ന മഞ്ചുമല വില്ലേജില 441 സർവേ നമ്പരിൽപെട്ട സ്ഥലങ്ങളുടെ സാധുതയാണ് പ്രഥമ പരിശോധന.
കൈയേറ്റക്കാർ തങ്ങളുടെ സ്ഥലങ്ങൾ ഡിജിറ്റിൽ സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കുന്നു. മഞ്ചുമലയിലെ സർവേ നമ്പർ 441, പീരുമേട് വില്ലേജിലെ സർവേ നമ്പർ 534 എന്നീ തണ്ടപേരുകളിൽ വരുന്ന സ്ഥലങ്ങൾ, പട്ടയങ്ങൾ, ആധാരങ്ങൾ എന്നിവ പരിശോധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകും. സർവേ സൂപ്രണ്ട് എ.എസ്. അനിതകുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡയറക്ടർക്കൊപ്പം രണ്ടാം ദിവസവും പരിശോധന നടത്തിയത്.
പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിൽ നിർമിച്ച കുരിശ് കഴിഞ്ഞ ദിവസം റവന്യൂ അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.ഐ മുൻ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ആവശ്യപ്പെട്ടു. സർക്കാർ ഭൂമി കാശുള്ളവന് കൈയേറി റിസോർട്ട് നിർമിക്കാനും അത് സംരക്ഷിക്കാൻ കുരിശ് സ്ഥാപിക്കാനും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാക്കാലത്തും ചില ഉദ്യോഗസ്ഥർ സർക്കാർ തീരുമാനങ്ങളെ അട്ടിമറിക്കുന്നു. റവന്യൂ വകുപ്പിലും അത്തരക്കാരുണ്ട്. അവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും ശിവരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.