ആ​സി​ഫ്​ യു​​ക്രെ​യ്​​നി​ൽ  

ഇടുക്കിയും പ്രാർഥിക്കുന്നു യു​ക്രെയ്​നിലെ തീയണയാൻ

ഇടുക്കി: യുക്രെയ്നിലെ ഖർകിവ് മേഖലയിൽ എംബസിയുടെ കരുണതേടി കാത്തിരിക്കുകയാണ് ഇടുക്കിയിൽനിന്നുള്ള നിരവധി വിദ്യാർഥികൾ. റഷ്യൻ സൈനിക നീക്കം ശക്തമായതോടെ തങ്ങളുടെ മക്കൾക്കൊന്നും സംഭവിക്കരുതേ എന്ന പ്രാർഥനയിലാണ് നിരവധി കുടുംബങ്ങൾ. തടിയമ്പാട് മഞ്ഞപ്പാറ വേഴമ്പശേരിയിൽ തോമസുകുട്ടി-ആൻസി ദമ്പതികളുടെ മകൾ ജെസ്ന, തടിയമ്പാട് ഐ.സി.ഡി.എസ് ജീവനക്കാരൻ ഷാജി-മരിയാപുരം പഞ്ചായത്തിലെ എ.ഇ ചിത്രലേഖ ദമ്പതികളുടെ മകൾ ശിവപ്രിയ എന്നിവർ യുക്രെയ്നിൽ ആശങ്കയോടെയാണ് കഴിയുന്നത്. മലയാളികളായ ആറുപേർ ഉൾപ്പെടെ 15ഓളം ഇന്ത്യൻ വിദ്യാർഥിനികൾ ഇവർ താമസിക്കുന്ന ഫ്ലാറ്റിലുണ്ട്. യുദ്ധം നടക്കുന്ന സ്ഥലത്തുനിന്ന് 100 കിലോമീറ്റർ അകലെയായതിനാൽ പേടിക്കാനില്ലെന്നാണ് കുട്ടികൾ മാതാപിതാക്കളെ അറിയിച്ചത്. മിക്കവാറും ഈയാഴ്ച തന്നെ ഇവർക്ക് നാട്ടിലെത്താൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയിലാണ് വീട്ടുകാരും.

യുക്രെയ്നിലെ സഫോറ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നായി നൂറുകണക്കിനു വിദ്യാർഥിനികൾ പഠിക്കുന്നുണ്ട്. കുട്ടികൾ എന്നും വിഡിയോ കാൾ ചെയ്യുന്നതാണ് മാതാപിതാക്കൾക്ക് ആശ്വാസം. ശിവപ്രിയ അഞ്ചാം വർഷ വിദ്യാർഥിനിയും ജസ്ന രണ്ടാം വർഷ വിദ്യാർഥിനിയുമാണ്. ഇന്ത്യൻ എംബസിയും യൂനിവേഴ്സിറ്റി അധികൃതരും കുട്ടികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

മൂലമറ്റം: യുക്രെയ്നിൽ കുടുങ്ങിയ മൂലമറ്റം സ്വദേശി പുത്തൻപുരയിൻ ആസിഫ് അലി പോളണ്ടിന്‍റെ അതിർത്തിയിലേക്ക് എത്തി. ഒഡേസയിൽ അഞ്ചു വർത്തിലധികമായി എം.ബി.ബി.എസ് പഠിച്ചുവരുന്ന ആസിഫ് ഡിസംബറിൽ നാട്ടിലെത്തിയിരുന്നു. ഫെബ്രുവരി ആറിനാണ് മടങ്ങിയത്. നിരന്തരം ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നതിനാൽ ആശ്വാസം ഉണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾക്ക് സൂചന ലഭിച്ചാൽ അണ്ടർ ഗ്രൗണ്ടിൽ കഴിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഇവർ താമസിച്ചിരുന്ന അപ്പാർട്മെന്‍റിന് സമീപം നേരിയ ആക്രമണം ഉണ്ടായിരുന്നു. ആദിവസം അണ്ടർ ഗ്രൗണ്ടിലാണ് കഴിഞ്ഞത്. മറ്റു ദിവസങ്ങളിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. യുദ്ധം വ്യാപിക്കുമോ എന്ന ഭയം ഉള്ളതിനാലാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ആസിഫും സുഹൃത്തുക്കളായ മറ്റ് അഞ്ചു പേർക്ക് ഒപ്പമാണ് മടക്കയാത്ര. പ്ലസ് ടുവിനുശേഷം എം.ബി.ബി.എസ് പഠനത്തിനാണ് ആസിഫ് യുക്രെയ്നിലേക്ക് പറന്നത്. എത്രയും വേഗം തിരിച്ചെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആസിഫും കുടുംബവും.

സഹായമഭ്യർഥിച്ച് ബേസിലും

സുഹൃത്തുക്കളും

തൊടുപുഴ: യുക്രെയ്നിൽ സഹായമഭ്യർഥിച്ച് ഇടുക്കി സ്വദേശി ബേസിലും സുഹൃത്തുക്കളും. ഖർകിവ് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി വിദ്യാർഥികളായ ഇവർ ബങ്കറിലും മെട്രോ സ്റ്റേഷനുകളിലുമായാണ് അഭയം തേടിയിരിക്കുന്നത്. ബേസിലിനായി കാത്തിരിക്കുകയാണ് ഇടുക്കി കുരുവിളസിറ്റിയിലെ കരോട്ട് കുടുംബം.

ഖര്‍കിവ് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് ബേസില്‍. യുദ്ധഭീതിയിൽ മലയാളികളായ നാല് സഹപാഠികൾക്കൊപ്പം മെട്രോ സ്‌റ്റേഷനിലാണ് കഴിയുന്നത്. മകനും സുഹൃത്തുക്കളും യുദ്ധമേഖലയില്‍ കഴിയുന്നതിന്റെ ആശങ്കയിലാണ് ബേസിലിന്‍റെ അമ്മ ലീല. മെട്രോ സ്‌റ്റേഷനും ബങ്കറുകളും പോലും സുരക്ഷിതമല്ലെന്ന ആശങ്കയാണ് ബേസില്‍ പങ്കുവെക്കുന്നത്. സമൂഹമാധ്യമങ്ങള്‍ മാത്രമാണ് ആശയവിനിമയത്തിനുള്ള ഏക ആശ്രയമെന്നും ഇവർ പറയുന്നു. എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികള്‍.

News Summary - Idukki on ukraine crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.