അടിമാലി: കാർഷിക ഉൽപന്നങ്ങളിൽ പലതിനും റെക്കോഡ് വിലയാണിപ്പോൾ. പ്രത്യേകിച്ച് ഏലത്തിനും അടക്കക്കും തേങ്ങക്കും. കുരുമുളകും കശുവണ്ടിയും ഭേദപ്പെട്ട വിലയിൽ നിൽക്കുന്നു. റബറിനും പതിവു വലിയിടിവില്ല. കാർഷിക ഉൽപന്നങ്ങൾക്ക് വിലയില്ലെന്ന പതിവ് പരാതി തീർന്നെങ്കിലും കർഷകർക്ക് ദുരിതക്കയത്തിൽനിന്ന് കരകയറാൻ സാധിക്കാത്ത സ്ഥിതിയാണ്.
വിലയുണ്ടെങ്കിലും വിൽക്കാൻ ആവശ്യത്തിന് വിളവില്ലാത്ത സാഹചര്യമാണ് തിരിച്ചടിയാകുന്നത്. വില്ലനായി മാറിയ കാലാവസ്ഥ മാറ്റമാണ് വിളവ് കുറഞ്ഞതിന് പ്രധാന കാരണം. ഓരോ ഘട്ടത്തിലും ലഭിക്കുന്ന തണുപ്പും ചൂടും മഴയുമൊക്കെ അനുസരിച്ചാണ് വിളവ്. എന്നാൽ, സമീപകാലത്ത് ഇതൊക്കെ താളം തെറ്റി.
തണുപ്പിന്റെ സമയത്ത് ചൂടും ചൂടിന്റെ സമയത്ത് കൊടുംചൂടുമൊക്കെയായതോടെ വിളവ് സ്വാഹ!. ഇതിനു പുറമെ പുതിയ രോഗങ്ങളും താണ്ഡവമാടുകയാണ്. ഉയരത്തിലാണ് ഇപ്പോൾ അടക്കയുടെ വില. ഒരു കിലോ പുതിയ അടക്കക്ക് 475 രൂപയും പഴയതിന് 505 രൂപയുമാണ് വില.
ഇത് സമീപകാല റെക്കോഡാണ്. അപ്പോഴും അടക്ക കർഷകർ നിലയില്ലാക്കയത്തിലാണ്. മറയൂർ, മാങ്കുളം മേഖലകളിലാണ് അടക്ക കൃഷി പ്രധാനം. മഞ്ഞളിപ്പ് രോഗങ്ങൾ കമുക് തോട്ടങ്ങളെ കാർന്നുതിന്നുകയാണ്. ഇതിന്റെ ഭാഗമായി കുല കരിച്ചിലും വ്യാപകം. പലസ്ഥലങ്ങളിലും കമുകുകൾ മുറിച്ചുനീക്കി. ഉൽപാദനം 50 ശതമാനത്തിൽ താഴെയായി. ഗുണം കിട്ടുന്നില്ലെങ്കിലും രോഗപ്രതിരോധത്തിന് വലിയ തുക ചെലവഴിക്കേണ്ടി വരുന്നു.
വിലയില്ലാത്തതിനാൽ, തോട്ടങ്ങളിൽ വീണ് തേങ്ങ മുളച്ച് നശിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, തേങ്ങ വില കുത്തനെ ഉയർന്നത് പെട്ടെന്നാണ്. ഒരു കിലോ പച്ചത്തേങ്ങക്ക് 75-80 രൂപയാണ് ഇപ്പോൾ. കൊപ്രക്ക് 155 രൂപയും. പക്ഷേ കാലാവസ്ഥ തിരിച്ചടിയായപ്പോൾ ഉൽപാദനം നാലിലൊന്നായി ചുരുങ്ങി.
മച്ചിങ്ങ പൊഴിച്ചിലും വ്യാപകമായുണ്ട്. 720 രൂപയിലെത്തിയ കുരുമുളക് വില അൽപം കുറഞ്ഞ് 680 രൂപയിലെത്തിയെങ്കിലും കർഷകരെ സംബന്ധിച്ച് മികച്ച വിലയാണ്. കുറച്ച് വർഷം മുമ്പ് 280 രൂപയിലെത്തിയ സ്ഥിതിയിൽനിന്ന് ഇത് ഏറെ ആശ്വാസപ്പെട്ട വിലയാണ്. പക്ഷേ, കുരുമുളക് ഉൽപാദനം 10 ശതമാനമായി കുറഞ്ഞുവെന്നു പറഞ്ഞാൽപോലും അത്ഭുതപ്പെടാനില്ല.
കൃഷി വകുപ്പ് സമ്മതിച്ചില്ലെങ്കിൽപോലും ജില്ലയിലെ കുരുമുളക് തോട്ടങ്ങൾ പാടേ അപ്രത്യക്ഷമാകുകയാണ്. ദ്രുതവാട്ടം പോലുള്ള വാട്ടരോഗങ്ങളും കുമിൾ ബാധയും മണിപൊഴിച്ചിലും പൊള്ള് രോഗവുമൊക്കെ കറുത്തപൊന്നിനെ തുടച്ച് നീക്കുകയാണ്. കശുവണ്ടിക്ക് ഇപ്രാവശ്യം 155 രൂപ വരെ വിലയുണ്ടായിരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയാണിത്. വേനൽ മഴ തുടങ്ങിയതോടെ വില നൂറിലേക്ക് താഴ്ന്നു. കൊക്കോ വില ചെറുതായി ഉയർന്നു.
340ൽനിന്ന് 380 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം 1200 രൂപയിലേക്ക് ഉയർന്ന കൊക്കോയാണ് 380 രൂപയിൽ വ്യാപാരം നടക്കുന്നത്. റബറിന്റെ അവസ്ഥയും ഒട്ടും ഭേദമല്ല. കിലോക്ക് 195 രൂപ വരെ വിലയുണ്ടെങ്കിലും ഉൽപാദനം തീരെ കുറവാണ്. ഇലപൊഴിച്ചിലാണ് ഇതിന് പ്രധാന കാരണം. കാലവർഷം തുടങ്ങാറായതിനാൽ ടാപ്പിങ് കുറഞ്ഞ സമയമാണിത്. ഇനി പ്ലാസ്റ്റിക് ഇട്ടു കഴിഞ്ഞ് മാത്രമേ തുടങ്ങാൻ പറ്റുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.