ചെറുതോണി: സംസ്ഥാന സ്കൂൾ അത്ലറ്റിക്സിലെ പഴക്കമേറിയ റെക്കോഡ് തകർത്ത ദേവപ്രിയക്ക് ജൻമനാട് ബുധനാഴ്ച സ്വീകരണം നൽകും. സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ 12.69 സെക്കൻഡിൽ ലക്ഷ്യത്തിലെത്തിയാണ് കാൽവരിമൗണ്ട് സ്കൂൾ താരം പൊന്നണിഞ്ഞത്. 1987ൽ സിന്ധു മാത്യു കുറിച്ച റെക്കോഡാണ് ദേവപ്രിയ തകർത്തെറിഞ്ഞത്. സ്വന്തമായി വീട് ഇല്ലാത്തതിന്റെ ദുഃഖത്തിലായിരുന്നു ദേവപ്രിയ ട്രാക്കിലിറങ്ങിയത്. ഈ വർഷം മീറ്റ് റെക്കോഡ് തകർത്താൽ വീടെന്ന സ്വപ്നം പൂവണിയുമെന്ന് സ്കൂളിലെ പരിശീലകൻ ടിബിൻ ജോസഫ് പ്രതീക്ഷ നൽകിയിരുന്നു. സ്വർണ നേട്ടം കൈവരിച്ച ദേവപ്രിയക്ക് സി.പി.എം വീട് നിർമിച്ചുനൽകുമെന്ന് ജില്ല സെക്രട്ടറി സി.വി. വർഗീസ് പ്രഖ്യാപനവും നടത്തിയിരുന്നു. കാൽവരി മൗണ്ടിന് സമീപം കൂട്ടക്കല്ലിൽ താമസിക്കുന്ന പാലത്തും തലക്കൽ ഷൈബുവിന്റെ മൂന്നുമക്കളിൽ രണ്ടാമത്തെയാളാണ് ദേവപ്രിയ. ഷൈബു തടിപ്പണിക്കാരനായിരുന്നു. നാലുവർഷം മുമ്പ് ജോലിക്കിടയിലുണ്ടായ അപകടത്തെത്തുടർന്ന് തടിപ്പണി നിർത്തി. അമ്മ ബിസ്മി തങ്കമണിയിലെ കേരള ബാങ്കിൽ താൽക്കാലിക ജീവനക്കാരിയാണ്. കാലപ്പഴക്കത്താൽ തകർന്ന് വീഴാറായ ചെറിയ വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ബുധനാഴ്ച കാമാക്ഷി പഞ്ചായത്തും നാട്ടുകാരും ചേർന്ന് നൽകുന്ന സ്വീകരണത്തിനുശേഷം നടക്കുന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഓൺലൈനായി വീടിന്റെ തറക്കല്ലിടൽ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.