ഇ​ട​മ​ല​ക്കു​ടി​യി​ൽ പു​ഴ ക​ട​ക്കാ​ൻ സ്ഥാ​പി​ച്ച പാ​ല​ങ്ങ​ളി​ൽ ഒ​ന്ന്, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി പു​ഴ മു​റി​ച്ചുക​ട​ക്കു​ന്ന​യാ​ൾ

അടിമാലി: മഴ പെയ്താൽ ഇടമലക്കുടിയിലെ വിവിധ കുടികളിലെ വഴികളടയും. കുടിയിൽ നിന്ന് പുറത്തേക്കിറങ്ങാനോ, പുറത്തേക്ക് പോയവർക്ക് കുടിയിലേക്ക് തിരികെയെത്താനോ കഴിയാതെ വരും. ഇടമലക്കുടി നിവാസികൾ വർഷങ്ങളായി നേരിടുന്ന രൂക്ഷമായ യാത്രാപ്രശ്നത്തിന് ഇതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് ഓഫീസിന് സമീപത്തുകൂടി ഒഴുകുന്ന മണലയാറിന് കുറുകെ പാലമില്ലാത്തത് 10 കുടികളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. കാലങ്ങളായി അധികൃതർക്ക് നിവേദനം നൽകി വരുന്നുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

മഴപെയ്താൽ യാത്രാതടസ്സവും ഒറ്റപ്പെടലുമാണ്. മഴക്കാലത്ത് മണലയാർ കരകവിഞ്ഞൊഴുകുന്നതോടെ 10 കുടികൾ പൂർണ്ണമായും ഒറ്റപ്പെടുന്നു. 1,300ഓളം വരുന്ന ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ വലിയ ദുരിതത്തിലാണ്. ഭക്ഷ്യസുരക്ഷാ ഭീഷണിയും നേരിടുന്നതായി ഇവിടത്തുകാർ പറയുന്നു. അത്യാവശ്യ റേഷൻ സാധനങ്ങൾ ലഭിക്കുന്നത് ഇടമലക്കുടി സൊസൈറ്റിയിൽ നിന്നാണ്. പുഴ മുറിച്ചുകടക്കാൻ കഴിയാത്ത സാഹചര്യത്തിൽ, മഴക്കാലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കഴിയാതെ ജനങ്ങൾ പട്ടിണി ഭീഷണി നേരിടുന്നു.

വേനൽക്കാലത്ത് പോലും ഏഴു മുതൽ 10 കിലോമീറ്റർ വരെ വനത്തിലൂടെ കാൽനടയായാണ് അത്യാവശ്യ സാധനങ്ങൾ തലച്ചുമടായി കുടികളിലേക്ക് എത്തിക്കുന്നത്. വനമേഖലയിലൂടെയുള്ള ദീർഘദൂര യാത്രയ്ക്കിടയിൽ വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്നു. സാധനങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീകളും വയോധികരും വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്. കീഴ്പ്പത്തംകുടി, മേൽപ്പത്തംകുടി, മുളകുതറക്കുടി, ഇരുപ്പുക്കൽകുടി, കീഴ്‌വളയൻപാറകുടി, മേൽവളയൻപാറകുടി, മീൻകുത്തിക്കുടി, നന്മണൽക്കുടി, കുടലാർകുടി, വാഴക്കുത്തുകുടി എന്നീ കുടികളിലെ നിവാസികളാണ് ദുരിതം അനുഭവിക്കുന്നത്. മണലയാറിന് കുറുകെ സ്ഥിരമായ പാലം നിർമ്മിക്കുന്നതിലൂടെ ഈ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരമാകും.

വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പാലം നിർമ്മാണത്തിനായുള്ള സാങ്കേതികവും ഭരണപരവുമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നും ഇടമലക്കുടി നിവാസികൾ ആവശ്യപ്പെടുന്നു. അതുപോലെ പെട്ടിമുടിയിൽനിന്നുള്ള റോഡ് നിർമാണവും വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Tags:    
News Summary - Idamalakudy gets blocked when it rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.